
ദില്ലി: ഇന്‍ഡിഗോയുടെ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയുംചെയ്തതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടെങ്കിലും രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. അതേ സമയം ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിനു ശേഷം മുന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ. എയർ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. അതിനിടെ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.