
ദില്ലി : ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം പരിധി നിശ്ചയിച്ചു. നിലവിലുള്ള തടസ്സങ്ങൾക്കിടയിൽ ചില വിമാനക്കമ്പനികൾ ഈടാക്കുന്ന അസാധാരണമായി ഉയർന്ന വിമാന നിരക്കുകളെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾക്കിടെയാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
നികുതി ഉൾപ്പെടാതെ 500 കിലോമീറ്റർ വരെയുള്ള യാത്രക്ക് 7500 രൂപയാണ് നിരക്ക്. 500 മുതൽ 1000 കിലോമീറ്റർ വരെ 12000 രൂപ, 100 മുതല്‍ 1500 കിലോമീറ്റര്‍ വരെ 15000, 1500ന് മുകളില്‍ 18,000 എന്നതാണ് നിരക്ക്. ബിസിനസ് ക്ലാസിന് ബാധകമാകില്ല. പ്രതിസന്ധി കഴിയുംവരെയാകും ഈ നിരക്കുകൾ. ടിക്കറ്റു കൾ റദ്ദാക്കിയതിലൂടെയുള്ള റീ ഫണ്ട് നാളെ രാത്രി 8 മണിക്കകം യാത്രക്കാർക്ക് ലഭ്യമാക്കണം. ലഗേജുകൾ 48 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് വീടുകളിലോ, അവര്‍ നല്‍കുന്ന വിലാസത്തിലോ എത്തിച്ച് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
നിലവിൽ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് പരിധികൾ കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകി. സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ ഈ പരിധികൾ പ്രാബല്യത്തിൽ തുടരും. ടിക്കറ്റ് നിരക്ക് നിയന്ത്രണം കൊണ്ടുവന്ന്, ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തിരമായി യാത്ര ചെയ്യേണ്ട പൗരന്മാർക്ക് ഈ കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
നിരക്ക് നിലവാരം നിരീക്ഷിക്കുന്നത് തുടരുമെന്നും വിമാനക്കമ്പനികളുമായും ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളുമായും സജീവമായി ഏകോപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്ക് ഇൻഡിഗോ കാലതാമസമില്ലാതെ മുഴുവൻ പണവും തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണം എന്ന് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. റദ്ദാക്കലുകൾ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാർക്ക് റീ ഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിമാനക്കമ്പനിയെ വലച്ച പ്രതിസന്ധി അഞ്ചാം ദിവസത്തേക്ക് കടന്നു. ഇൻഡിഗോയുടെ നൂറുകണക്കിന് ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി. 400-ൽ അധികം വിമാനങ്ങളുള്ള ഇൻഡിഗോ ഒരു ദിവസം 2,300 സർവീസുകൾ നടത്താറുണ്ട്. പ്രതിസന്ധി ഇനിയും ദിവസങ്ങളോളം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസൂത്രണത്തിലെ പോരായ്മ, പൈലറ്റുമാരുടെ ക്ഷാമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam