തലയുയർത്തി മടക്കം; ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് സുപ്രീംകോടതിയിൽ നിന്ന് പടിയിറങ്ങുന്നു

By Web TeamFirst Published Aug 26, 2022, 10:28 AM IST
Highlights

2021 ഏപ്രിൽ 24ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തി. ജഡ്‍ജി എന്ന നിലയിൽ 174 വിധികളാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പുറപ്പെടുവിച്ചത്. അതിലേറെയും ക്രിമിനൽ കേസുകളിൽ

ദില്ലി: ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് സുപ്രീംകോടതിയിൽ നിന്ന് പടിയിറങ്ങുന്നു. എണ്ണം പറഞ്ഞ നിരവധി കേസുകളിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്നത് മറ്റൊരു ചരിത്രത്തിന് കൂടി തുടക്കം കുറിച്ചാണ്. വിരമിക്കൽ ദിനത്തിൽ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി, കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്കെത്തും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടികളാണ് തത്സമയം പൊതുജനങ്ങളിലേക്കെത്തുന്നത്. 

കൊവിഡ് മഹാമാരിക്കാലത്ത് കോടതി നടപടികൾ മുന്നിൽ നിന്ന് നയിച്ച, ചരിത്രത്തിലാദ്യമായി ആദിവാസി വനിതാ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത ചീഫ് ജസ്റ്റിസ്. ഏറെ വിശേഷണങ്ങളുമായാണ് സിജെഎ സ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പടിയിറങ്ങുന്നത്. 2014ൽ ആണ് എൻ.വി.രമണ സുപ്രീംകോടതി ജഡ്‍ജിയാകുന്നത്. 2021 ഏപ്രിൽ 24ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തി. ജഡ്‍ജി എന്ന നിലയിൽ 174 വിധികളാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പുറപ്പെടുവിച്ചത്. അതിലേറെയും ക്രിമിനൽ കേസുകളിൽ. വിരമിക്കൽ ദിനത്തിൽ 5 കേസുകളിലാണ് അദ്ദേഹം വിധി പ്രസ്താവിക്കുക.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന വിധിയാണ് അദ്ദേഹം പുറപ്പെടുവിച്ച വിധികളിൽ പ്രധാനം. രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാൻ അദ്ദേഹം കേന്ദ്രത്തിന് നിർദേശം നൽകി. ലഖിംപൂർഖേരി കേസ്, ജമ്മു കശ്മീരിലെ ഇന്റർനെറ്റ് നിരോധനം നീക്കിയ വിധി, അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിന് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ വിധി, പെഗസസ് പരാതികൾ അന്വേഷിക്കാൻ സമിതി, പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാ വീഴ്ച പരിശോധിക്കാൻ സമിതി... തിളക്കമേറെയുണ്ട് എൻ.വി.രമണയുടെ വിധി ന്യായങ്ങൾക്ക്. 

ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന ഉത്തരവ്, ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസിൽ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് നോട്ടീസ്...വിരമിക്കലിന്റെ തലേന്നും സജീവമാക്കിയ ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ പടിയിറക്കം. സുപ്രീംകോടതി നടപടികൾ റിപ്പോർ‍ട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ആപ്പിന് തുടക്കമിട്ട അദ്ദേഹം, എന്നും ഊന്നൽ നൽകിയത് കോടതി നടപടികളിലെ ജനകീയതയ്ക്കാണ്. 

സുപ്രീംകോടതി നടപടികൾ ഇന്ന് പൊതുജനങ്ങൾക്ക് തത്സമയം കാണാം; ചരിത്രത്തിലാദ്യമായി ലൈവ് സ്ട്രീമിംഗ്

സുപ്രീംകോടതി നടപടികൾ ചരിത്രത്തിൽ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. വിരമിക്കൽ ദിനത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീമിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. പ്രത്യേക പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ് മുതൽ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകൾ, മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികൾ പൊതുജനത്തിന് തത്സമയം കാണാനാകും. 

click me!