
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്നലെയുണ്ടായ പാകിസ്ഥാൻ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സൈന്യം. മൂന്ന് ഭീകരർ ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞ് കയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് നിരീക്ഷണം നടത്തിയപ്പോഴാണ് നുഴഞ്ഞ് കയറ്റം കണ്ടെത്തിയത്. പിന്നാലെ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെയും വധിച്ചു.
കമാൽക്കോട്ട് സെക്ടറിലുണ്ടായ നുഴഞ്ഞ് കയറ്റ ശ്രമമാണ് സൈന്യം തടഞ്ഞത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്. നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വിലയിരുത്തി. ദില്ലിയിൽ സുരക്ഷാ വിലയിരുത്തൽ യോഗം ചേർന്നു. ലഫ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ചു. തീവ്രവാദം തുടച്ചു നീക്കാൻ പൊലീസും സേനയും യോജിച്ചു നീങ്ങണം എന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.
അതേസമയം ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറിലെ പല്ലൻവാല മേഖലയിൽ തുടര്‍ച്ചയായുള്ള നുഴഞ്ഞ് കയറ്റ നീക്കം നടന്നതായി സൈന്യം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയും ഇവിടെ നുഴഞ്ഞു കയറാനുള്ള ശ്രമം സൈന്യം ചെറുത്തു തോൽപിച്ചു. നേരത്തെ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമത്തിനിടെ കുഴിബോംബിൽ ചവിട്ടി രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ വീരമൃത്യു വരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam