
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രവർത്തകരെയും വ്യാപകമായി കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. ജന്തർ മന്തറിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ സി.ജെ.പിയുടേയും, സിപിഎം അടക്കം ഇടതുപാർട്ടികളുടേയും ആംആദ്മി പാർട്ടിയുടേയും നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമടക്കമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ,കോ-കൺവീനർ അശുതോഷ് റാങ്കെ, വക്താവ് സൗരവ് ദാസ്, സിപിഎം നേതാക്കളായ പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി അടക്കം ദില്ലിയിൽ കസ്റ്റഡിയിലാണ്. സമരത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം പ്രതിഷേധക്കാരെയാണ് ദില്ലി പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ വിമാനത്തിൽ വെച്ചാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, കോ-കൺവീനർ അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ല.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ദില്ലിയിലെത്തിയതായിരുന്നു ദീപ്കേ. അറസ്റ്റിന് നീക്കമുണ്ടായേക്കാമെന്നും ഭയന്ന് പിൻമാറില്ലെന്നും അഭിജീത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനത്തിനുള്ളിലെ നാടകീയ രംഗങ്ങൾ ഇവർ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പുറത്തുവിട്ടു. തുടർന്ന് റൺവേയിൽ കാത്തു കിടന്ന ബസിലേക്ക് ഇവരെ മാറ്റി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനെ പിന്തുണച്ചെത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. പിണറായി വിജയന്‍, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ,ബാലഗോപാൽ, ജോൺബ്രിട്ടാസ് അടക്കം നേതാക്കളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൈസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പിണറായിയടക്കം നേതാക്കളെ ഹരിയാന അതിർത്തിയിലുള്ള താൽക്കാലിക കസ്റ്റഡി കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. സിപിഎം പിബി അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് ശനിയാഴ്ച രാവിലെയാണ്. ഗുഡ്‌ഗാവ് സെക്ടർ 56-ലെ വസതിയിൽ നിന്നാണ് രാവിലെ 7.30 തോടെ ദില്ലി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായെത്തിയതായിരുന്നു ധ്രുവ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ താനും കുടുംബവും പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, ശനിയാഴ്ച ഡൽഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിൽ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമരവേദിയിലേക്ക് എത്തുംമുൻപേ തന്നെ നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. കേന്ദ്ര സായുധ സേനാ വിഭാഗങ്ങൾ അടക്കം അര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. 254 ട്രെയിനുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള മാർക്കറ്റുകൾ അടച്ചു. ജൻപഥ് ജംഗ്ഷന്റെ 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് റദ്ദാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam