'ടാർപ്പായകൾ കൊണ്ടുവരാൻ അനുവദിച്ചില്ല, വിദ്യാർത്ഥികൾക്ക് മഴ നനഞ്ഞ് അസുഖം ബാധിച്ചു'; ദില്ലി പൊലീസിനെതിരെ അഭിജിത്ത് ദീപ്കെ

Published : Jul 09, 2026, 03:40 PM IST
CJP Protest Delhi

Synopsis

ദില്ലി പൊലീസിനെതിരെ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്ത്. കനത്ത മഴയ്ക്കിടെ പ്രതിഷേധ സ്ഥലത്തേക്ക് ടാർപ്പായകൾ കൊണ്ടുവരാൻ അനുവദിച്ചില്ലെന്ന് ആരോപണം. 

ദില്ലി: ദില്ലി പൊലീസിനെതിരെ ആരോപണവുമായി ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്ന കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. രാത്രിയിലുടനീളം പെയ്ത കനത്ത മഴയ്ക്കിടെ പ്രതിഷേധ സ്ഥലത്തേക്ക് ടാർപ്പായകൾ കൊണ്ടുവരാൻ ദില്ലി പൊലീസ് അനുവദിച്ചില്ലെന്ന് അഭിജിത്ത് ദീപ്കെ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മഴ നനഞ്ഞ് അസുഖം ബാധിച്ചതായും ദീപ്കെ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

"ഞങ്ങൾ പൂർണമായി നനഞ്ഞു കുതിർന്നു. എല്ലാ വിദ്യാർത്ഥികളും നനഞ്ഞു കുതിർന്നിരിക്കുകയാണ്. ഞങ്ങളുടെ വസ്ത്രങ്ങളെല്ലാം വെള്ളം വലിഞ്ഞു തൂങ്ങി നിൽക്കുകയാണ്. ആളുകൾക്ക് അസുഖം വരുന്നു. ദയവായി സാറിന്റെ യൂണിഫോം എല്ലാവരെയും ഒന്ന് കാണിക്കൂ. അത് നോക്കൂ, എപ്പോഴത്തെയും പോലെ തിളങ്ങി നിൽക്കുകയാണ്. ദയവായി സാറിന്റെ ഷൂസ് എല്ലാവരെയും ഒന്ന് കാണിക്കൂ. അദ്ദേഹത്തിന്റെ യൂണിഫോമിലോ ഷൂസിലോ ഒരു തുള്ളി മഴവെള്ളം പോലും വീണിട്ടില്ല"- അഭിജിത്ത് ദീപ്കെ പറഞ്ഞു.

"ആളുകളുടെ കാലുകൾ കേടായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ യൂണിഫോം എത്രമാത്രം കറയില്ലാത്തതും തിളങ്ങുന്നതുമാണെന്ന് നോക്കൂ. എന്നിട്ടാണ് സാർ പറയുന്നത് ഉള്ളിലേക്ക് ടാർപ്പായകൾ അനുവദിക്കില്ലെന്ന്. മുകളിൽനിന്ന് ഉത്തരവ് വരുന്നത് വരെ വിദ്യാർത്ഥികൾ നനയട്ടെയെന്നാണ്. വിദ്യാർത്ഥികൾ നനഞ്ഞാൽ കുഴപ്പമില്ലെന്നാണോ? വിദ്യാർത്ഥികൾക്ക് അസുഖം വന്നാൽ കുഴപ്പമില്ലെന്നാണോ?" - അഭിജിത്ത് ദീപ്കെ ചോദിച്ചു. പത്തൊൻപതും ഇരുപതും വയസ്സ് പ്രായമുള്ള വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും അവർക്ക് മഴ കാരണം കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ദീപ്കെ കൂട്ടിച്ചേർത്തു.

 

 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം 20-ാം ദിവസത്തിലേക്ക് പ്രവേശിച്ചതിനിടെ ആണ് അഭിജിത്ത് ദീപ്കെ പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ദിവസം സിജെപിയുടെ എക്സ് അക്കൗണ്ടിന് ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ജന്തർ മന്തറിലെ പ്രതിഷേധ വേദിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കാലാവസ്ഥ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില വഷളാകുകയാണ്. 11 ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് വാങ്ചുക്കിൻ്റെ ശരീരഭാരം ഏഴ് കിലോയിലധികം കുറഞ്ഞു. രക്തസമ്മർദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും താഴേക്കാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'10 മാസം പ്രായമുള്ള കുഞ്ഞ്, ഭാര്യ കൈക്കൂപ്പി പറഞ്ഞു, എന്റെ സ്വർണം മുഴുവൻ എടുത്തോളൂ, എന്നിട്ടും വിട്ടില്ല'; ബെം​ഗളൂരു-മൈസൂരൂ ഹൈവേയിലെ നടുക്കുന്ന സംഭവം
ഉത്തരേന്ത്യയിൽ മഴ കന്നക്കുന്നു, രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് മരണം മൂന്നായി; ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും ജാഗ്രതാ നിർദ്ദേശം