ഞായറാഴ്ച രാത്രി പത്തരയോടെയാണ് സാ​ഗർകുമാറും ഭാര്യയും പത്തുമാസം പ്രായമുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. ബെം​ഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മദ്ദൂരിലായിരുന്നു സംഭവം.

ബെം​ഗളൂരു: നടുറോഡിൽ ക്രൂരമായ ആക്രമണത്തിനിരയായതിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ബെം​ഗളൂരുവിലെ കുടുംബം. ബെം​ഗളൂരുവിൽ താമസിക്കുന്ന സാ​ഗർ കുമാറും കുടുംബവുമാണ് കഴിഞ്ഞദിവസം ബെം​ഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ആക്രമണത്തിനിരയായതിന്റെ കൂടുതൽ വിവരങ്ങൾ എൻഡിടിവിയോട് വെളിപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് സാ​ഗർകുമാറും ഭാര്യയും പത്തുമാസം പ്രായമുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. ബെം​ഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മദ്ദൂരിലായിരുന്നു സംഭവം. സാ​ഗർകുമാറിനെ കാറിന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർ​ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പിറകിൽ വരികയായിരുന്ന മറ്റൊരു കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം ദേശീയമാധ്യമങ്ങളിലടക്കം സംഭവം വാർത്തയാവുകയും ചെയ്തു.

ഒൻപതം​ഗസംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ചികിത്സയിൽ കഴിയുന്നതിനിടെ സാ​ഗർകുമാർ എൻഡിടിവിയോട് പ്രതികരിച്ചത്. 'അവർ എന്നെയും എന്റെ ഭാര്യയെയും പത്തുമാസം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചു. ഒന്നുംചെയ്യരുതെന്ന് എന്റെ ഭാര്യ കൈക്കൂപ്പി കരഞ്ഞുപറഞ്ഞിട്ടും അവർ കേട്ടില്ല. കുഞ്ഞുണ്ടെന്നും വെറുതെവിടണമെന്നും പറഞ്ഞിട്ടും ചെവികൊണ്ടില്ല. സ്വർണം എടുത്തോളൂ എന്നും എന്തുവേണമെങ്കിലും തരാമെന്നും ഭാര്യ കരഞ്ഞുപറഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും അവർ ആക്രമണം നിർത്തിയില്ല', സാ​ഗർകുമാർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ മറ്റൊരു കാറിലെ ഡാഷ്ക്യാമിൽ പതിഞ്ഞതാണ് തെളിവായത്. ഹൈവേയിലെ പലഭാ​ഗങ്ങളിലും സിസിടിവി ക്യാമറകളില്ല. ഈ ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെട്ടേനെ. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും സാ​ഗർകുമാർ ആവശ്യപ്പെട്ടു.

അതേസമയം, ഹൈവേയിൽ സാ​ഗർകുമാറിന്റെ മറ്റൊരു കാറും തമ്മിൽ ഉരസിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിൽ കാർ തടഞ്ഞുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.