
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). നാളെ പൂനെയിൽ നിന്നാണ് സമര പരമ്പരയ്ക്ക് തുടക്കമിടുക. തുടർന്ന് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ അനാസ്ഥ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി ജെ പി വ്യക്തമാക്കി. ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകുന്നില്ലെന്ന് സി ജെ പി കുറ്റപ്പെടുത്തി. ഉത്തരവാദിത്തം എപ്പോഴും ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുതന്നെയാണ് ആരംഭിക്കേണ്ടത്. ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഈ ദേശീയ പ്രശ്നത്തിൽ മന്ത്രി രാജി വെക്കും വരെ സമാധാനപരമായ പ്രതിഷേധം തുടരും. ജൂൺ 6 ന് ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥികൾ നടത്തിയ ചരിത്രപരമായ കൂട്ടായ്മ ഈ സർക്കാരിനെ ചോദ്യം ചെയ്യാൻ രാജ്യത്തെ യുവാക്കൾ ഭയപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും സംഘടന ഓർമ്മിപ്പിച്ചു.
രാജ്യവ്യാപകമായി നടത്തുന്ന ഈ പ്രതിഷേധങ്ങൾക്ക് ശേഷവും വിദ്യാഭ്യാസ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാനോ അദ്ദേഹം സ്വയം രാജി വെക്കാനോ തയ്യാറാകുന്നില്ല എങ്കിൽ സമരം അടുത്ത ഘട്ടത്തിലേക്ക് മാറ്റുമെന്നും സി ജെ പി മുന്നറിയിപ്പ് നൽകി. ജൂൺ 20 മുതൽ ദില്ലിയിലെ ജന്തർ മന്ദറിൽ രാജ്യത്തെ യുവാക്കളെ അണിനിരത്തി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശ്വാസ്യത തകർക്കുന്ന ഇത്തരം സ്ഥാപനപരമായ പരാജയങ്ങൾക്ക് വിദ്യാർത്ഥികൾ വില നൽകേണ്ടതില്ലെന്നും നീതിക്കായുള്ള ഈ പോരാട്ടത്തിൽ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹം പങ്കാളികളാകണമെന്നും സംഘടന അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam