
ദില്ലി: നീറ്റ് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സി.ജെ.പി സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 15-കാരിയായ പെൺകുട്ടിക്ക് നേരെ ബലാത്സംഗ ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ കോളുകളിലൂടെയും തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും തനിക്കെതിരെയുള്ള കേസ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി.
നേരത്തെ, ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പെൺകുട്ടി പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജന്തർമന്തറിലെത്തിയ താൻ ചുറ്റുമുള്ളവരുടെ സ്വാധീനത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും രാജ്യത്തോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും പെൺകുട്ടി പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തിൽ വിദ്യാർത്ഥികളോട് താൻ ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെയും അന്തരിച്ച തന്റെ മാതാവിനെതിരെയും ഉപയോഗിച്ച വാക്കുകൾ വേദനിപ്പിച്ചുവെങ്കിലും വിദ്യാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും അവരെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നടത്താൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam