
ചെന്നൈ: ചെന്നൈ ടി നഗറിലെ മുപ്പത്തമ്മൻ കോവിൽ സ്ട്രീറ്റിൽ ശുചീകരണ ജോലി ചെയ്യുന്ന പത്മ എന്ന സാധാരണക്കാരി ഇന്ന് തമിഴ്നാടിന്‍റെ ഹീറോയാണ്. തന്‍റെ ജോലിക്കിടെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 45 പവൻ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകിയാണ് പത്മ നാടിനാകെ മാതൃകയായി മാറിയത്. ഏകദേശം 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് തനിക്ക് ലഭിച്ചതെന്ന് അറിഞ്ഞിട്ടും ഒരു നിമിഷം പോലും പതറാതെ അവ പൊലീസിനെ ഏൽപ്പിക്കാൻ പത്മ തയ്യാറായി.
പതിവുപോലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് പത്മയുടെ ശ്രദ്ധയിൽ ഒരു ബാഗ് പെടുന്നത്. തുറന്നു നോക്കിയപ്പോൾ സ്വർണ്ണാഭരണങ്ങൾ കണ്ട് അമ്പരന്നെങ്കിലും ഒട്ടും വൈകാതെ തന്നെ അവ പാണ്ടി ബസാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നങ്ങനല്ലൂർ സ്വദേശിയായ രമേശിന്‍റേതാണ് ഈ സ്വർണമെന്ന് കണ്ടെത്തി. ആഭരണങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ഇയാൾ നേരത്തെ പരാതി നൽകിയിരുന്നു. ഔദ്യോഗിക നടപടികൾക്ക് ശേഷം പൊലീസ് സ്വർണം ഉടമയ്ക്ക് കൈമാറി.
പത്മയുടെയും കുടുംബത്തിന്‍റെയും സത്യസന്ധത ഇതാദ്യമായല്ല ചർച്ചയാകുന്നത്. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് പത്മയുടെ ഭർത്താവ് സുബ്രഹ്മണിക്ക് മറീന ബീച്ചിന് സമീപത്ത് നിന്നും ഒന്നര ലക്ഷം രൂപ ലഭിച്ചിരുന്നു. അന്നും ആ തുക അദ്ദേഹം പൊലീസിനെ ഏൽപ്പിക്കുകയാണ് ചെയ്തത്. വാടക വീട്ടിൽ താമസിച്ച് രണ്ട് മക്കളെ വളർത്തുന്ന ഈ ദമ്പതികളുടെ ജീവിതസാഹചര്യങ്ങൾക്കിടയിലും കാണിച്ച ഈ വലിയ മനസിനെ തമിഴകം ഒന്നടങ്കം പ്രശംസിക്കുകയാണ്. പത്മയുടെ ഈ മാതൃകാപരമായ പ്രവർത്തിക്ക് ആദരമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരിട്ട് വിളിപ്പിക്കുകയും ഒരു ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam