
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബർഗി അണക്കെട്ടിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ രക്ഷാപ്രവർത്തകരെ കണ്ണീരിലാഴ്ത്തി അപകടത്തിൽപ്പെട്ട അമ്മയുടേയും കുഞ്ഞിന്റേയും ദൃശ്യങ്ങൾ. ഒരു ലൈഫ് ജാക്കറ്റിൽ മകനെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലാണ് ബോട്ടപകടത്തിൽ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് പുറത്ത് എടുത്തത്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഈ ഹൃദയഭേദകമായ ചിത്രം പുറത്ത് വന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഏകദേശം 29 യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ട് ശക്തമായ കാറ്റിലും മഴയിലും പെട്ട് ബർഗി അണക്കെട്ടിന്റെ ജലസംഭരണിയിൽ മറിഞ്ഞത്. വൈകുന്നേരം ആറ് മണിയോടെ ഉണ്ടായ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും കനത്ത കാറ്റും ജലാശയത്തിൽ വലിയ തിരമാലകൾ സൃഷ്ടിച്ചതിന് പിന്നാലെ ബോട്ടിന്റെ നിയന്ത്രണം നഷ്ടമാവുകയും അത് തലകീഴായി മറിയുകയുമായിരുന്നു.
അപകടത്തിൽ ഒമ്പത് പേർ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് സംസ്ഥാന ദുരന്തനിവാരണ സേന അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. നാല് വയസ്സുകാരനായ മകനെ കൈകളിൽ മുറുക്കിപ്പിടിച്ച്, അവസാന നിമിഷം വരെ മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയുടെ ചിത്രം അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 23 പേരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ സാധിച്ചു. എന്നാൽ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ലൈഫ് ജാക്കറ്റുകൾ നൽകാൻ വൈകിയെന്നും രക്ഷപ്പെട്ട ചില യാത്രക്കാർ ആരോപിച്ചിരുന്നു. കാറ്റ് ശക്തമായപ്പോൾ ബോട്ട് കരയിലേക്ക് അടുപ്പിക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അത് ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.
സംഭവം നടന്ന സ്ഥലത്ത് സംസ്ഥാന ക്യാബിനറ്റ് മന്ത്രി രാകേഷ് സിംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബർഗി അണക്കെട്ടിലെ ബോട്ടിംഗ് വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. എന്നാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ സർവീസ് നടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam