യുവതി ടോയ്‍ലറ്റിലുള്ളപ്പോൾ അകത്ത് ഇടിച്ച് കയറി കോ-പൈലറ്റ്; പരാതിപ്പെട്ടപ്പോൾ ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് നിസാരവത്കരിച്ച് ജീവനക്കാർ

Published : Aug 19, 2025, 03:54 PM IST
flight toilet

Synopsis

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റ് ഉപയോഗിക്കുകയായിരുന്ന യുവതിയുടെ അടുത്ത് ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസർ അനുവാദമില്ലാതെ കയറിയതായി പരാതി. 

മുംബൈ: വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ വിമാനത്തിലെ ജീവനക്കാരൻ അതിക്രമം കാട്ടിയതായി പരാതി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റ് ഉപയോഗിക്കുകയായിരുന്ന യുവതിയുടെ അടുത്ത് ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസർ (സഹ പൈലറ്റ്) അനുവാദമില്ലാതെ കയറുകയായിരുന്നു. സംഭവം പുറത്തായതോടെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സ്വർണ്ണ വ്യാപാര സ്ഥാപനമായ സേഫ്ഗോൾഡിന്‍റെ സഹസ്ഥാപകയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് പൂർവ്വ വിദ്യാർത്ഥിനിയുമായ റിയ ചാറ്റർജിയാണ് തനിക്ക് നേരിട്ട ദുരനുഭവം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പങ്കുവെച്ചത്. 'ഇൻഡിഗോയുടെ ഒരു ഫസ്റ്റ് ഓഫീസർ ഞാൻ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ അകത്തേക്ക് കടന്നു വന്നു, എന്നാൽ സംഭവം അത്ര കാര്യമായി എടുക്കേണ്ടതില്ലെന്നാണ് എയർലൈനിന്റെ നിലപാട്' അവർ കുറിപ്പിൽ പറയുന്നു.

ഓഗസ്റ്റ് എട്ടിന് രാത്രി വൈകിയുള്ള വിമാനത്തിലാണ് റിയ യാത്ര ചെയ്തത്. വിമാനത്തിലെ മുൻഭാഗത്തെ ടോയ്‌ലറ്റ് റിയ ഉപയോഗിക്കാൻ തുടങ്ങി. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നെങ്കിലും പുറത്തു നിന്ന് ആരോ മുട്ടുന്നത് കേട്ടപ്പോൾ റിയ പ്രതികരിച്ചു. പിന്നീട് വീണ്ടും വാതിലിൽ മുട്ടുന്നത് കേട്ട് ഉറക്കെ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ വാതിൽ ബലമായി തുറക്കുകയും ഒരു പുരുഷ ജീവനക്കാരൻ അകത്തേക്ക് നോക്കുകയും ചെയ്തു. 'ഓ' എന്ന് മാത്രം പറഞ്ഞ് അയാൾ വാതിൽ അടച്ചുവെന്നും റിയ പറഞ്ഞു.

സംഭവം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞെന്നും, അപമാനഭാരം കൊണ്ട് തലകുനിച്ച് പോയെന്നും റിയ പറയുന്നു. 90 മിനിറ്റ് നീണ്ട വിമാനയാത്രയിൽ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇതിന് ശേഷം തന്‍റെ ദുരനുഭവം വിവരിച്ചപ്പോൾ മറ്റ് ജീവനക്കാർ സംഭവം നിസ്സാരവൽക്കരിച്ചെന്നും 'അസൗകര്യം' ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്ന് മാത്രം പറഞ്ഞുവെന്ന് റിയ കുറിച്ചു. അയാൾ ഒന്നും കണ്ടിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും ജീവനക്കാർ പറഞ്ഞതായി റിയ ആരോപിച്ചു.

തുടർന്ന് ക്യാപ്റ്റനെയും ഫസ്റ്റ് ഓഫീസറെയും വിളിപ്പിക്കാൻ റിയ ആവശ്യപ്പെട്ടെങ്കിലും അവരെ കോക്ക്പിറ്റിൽ പോയി കാണാനാണ് ജീവനക്കാർ നിർദ്ദേശിച്ചത്. അത് കൂടുതൽ ആശങ്കയുണ്ടാക്കിയെന്നും റിയ പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ശേഷം ഇൻഡിഗോയുടെ നേതൃത്വവുമായി റിയ ബന്ധപ്പെട്ടു. എന്നാൽ, സംഭവം അസൗകര്യമുണ്ടാക്കിയെന്നും ജീവനക്കാരൻ 'അഗാധമായ ഖേദം' അറിയിച്ചെന്നും മാത്രമാണ് മറുപടി ലഭിച്ചത്. നഷ്ടപരിഹാരമായി വിമാന ടിക്കറ്റിന്‍റെ പണവും വൗച്ചറുകളും നൽകാമെന്നും അവർ അറിയിച്ചു. എന്നാൽ താൻ നഷ്ടപരിഹാരത്തിന് വേണ്ടിയല്ല പോസ്റ്റ് ഇട്ടതെന്നും, യാത്ര ചെയ്യുന്ന ഓരോ സ്ത്രീയും ജാഗ്രത പാലിക്കണമെന്നും റിയ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ ഇൻഡിഗോ എയർലൈൻസ് ക്ഷമാപണവുമായി രംഗത്തെത്തി. ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവിൽ ഖേദിക്കുന്നുവെന്നും എയർലൈൻസ് അറിയിച്ചു. പക്ഷേ, ഈ ക്ഷമാപണം സോഷ്യൽ മീഡിയയിൽ കൂടുതല്‍ പ്രതിഷേധത്തിന് കാരണമായി. 'ഇത് ഭയാനകമാണ്. ആരും ഇങ്ങനെയൊരു അതിക്രമത്തിലൂടെ കടന്നുപോകാൻ പാടില്ലായിരുന്നു, സംഭവം കൈകാര്യം ചെയ്ത രീതി ഇതിനെ കൂടുതൽ വഷളാക്കുന്നു,' ഒരാൾ അഭിപ്രായപ്പെട്ടു. ടോയ്‍ലെറ്റ് ഉപയോഗത്തിലാണെങ്കിൽ ചുവപ്പ് നിറത്തിലുള്ള സൂചകം കാണിക്കുമെന്നും, ഇതെങ്ങനെ ഒരു ഫസ്റ്റ് ഓഫീസർക്ക് അറിയാതിരിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം