
ദില്ലി: കാഴ്ചയെ മറച്ച് ദില്ലിയിൽ കടുത്ത മൂടൽ മഞ്ഞ്. ഞായറാഴ്ച രാവിലെ കാഴ്ചയെ പോലും മറക്കുന്ന വിധത്തിൽ തണുത്ത കാറ്റിനൊപ്പമാണ് മൂടൽ മഞ്ഞുണ്ടായത്. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് ആണ്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 3ന് രാജ്യ തലസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ദില്ലിയിൽ മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രികാല അഭയകേന്ദ്രങ്ങൾ ഒരുക്കി. തണുപ്പിൽ നിന്നും രക്ഷനേടാൻ രാത്രി അഭയകേന്ദ്രങ്ങൾ അന്വേഷിച്ചു നടക്കുന്നവർക്ക് ആശ്വാസമാണ് ഇത്. ചൂട് കിട്ടുന്ന വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, സ്ഥലങ്ങൾ തുടങ്ങിയവ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളോട് ചേർന്ന് ദില്ലി സർക്കാർ നൽകുന്നുണ്ട്. 20ഓളം ബെഡുകളാണ് ഒരു ഷെൽറ്ററിൽ ഉള്ളത്. ഷെൽറ്ററുകളിൽ കഴിയുന്ന എല്ലാ ആളുകൾക്കും ഭക്ഷണം, ബ്ലാങ്കറ്റ്, മരുന്ന് എന്നിവ നൽകുന്നുണ്ടെന്നും അറിയിച്ചു.
അതേസമയം കശ്മീരിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 3.4 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയാണ് ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയത്. ജമ്മുവിലെ സോനാമാർഗിൽ കടുത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ ഗതാഗത തടസ്സമുണ്ടാകാതെ ഇരിക്കാൻ റോഡുകളിൽ നിന്നും മഞ്ഞ് നീക്കം ചെയ്യാനുള്ള നടപടികൾ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സ്വീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കശ്മീരിൽ കടുത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇത് ജനങ്ങളുടെ നിത്യ ജീവിതത്തെയും നേരിയ തോതിൽ ബാധിക്കുന്നുണ്ട്. ദില്ലിയിൽ വായുഗുണനിലവാരം ഏറ്റവും മോശം വിഭാഗത്തിലാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രകാരം വായുനിലവാര സൂചിക നിലവിൽ 340 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം മുതൽ 50 വരെ നല്ലത്, 51-100 തൃപ്തികരം, 101 - 200 മിതമായതും, 201 - 300 മോശം, 301-400 വളരെ മോശം, 401- 500 രൂക്ഷം എന്നിങ്ങനെയാണ് വായു നിലവാര സൂചികൾ.
ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ്; കഴിഞ്ഞ നാല് ദിവസങ്ങളിലായി രേഖപ്പെടുത്തിയത് കുറഞ്ഞ താപനില