'കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ചു, കൈയേറ്റം ചെയ്തു'; ബാങ്ക് ജീവനക്കാരിയുടെ അവസാന കുറിപ്പിൽ ഗുരുതര ആരോപണം

Published : Jul 18, 2024, 07:37 PM ISTUpdated : Jul 18, 2024, 07:40 PM IST
'കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ചു, കൈയേറ്റം ചെയ്തു'; ബാങ്ക് ജീവനക്കാരിയുടെ അവസാന കുറിപ്പിൽ ഗുരുതര ആരോപണം

Synopsis

കുടുംബത്തെ നോക്കണമെന്നും തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്നും സഹോദരനോട് ആവശ്യപ്പെട്ടാണ് ശിവാനി കുറിപ്പ് അവസാനിപ്പിച്ചത്.

ഗാസിയാബാദ്: ജീവനൊടുക്കിയ 27കാരിയായ ബാങ്ക് ജീവനക്കാരി ശിവാനിയുടെ കുറിപ്പിൽ സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങള്‍. അഞ്ച് പേജുള്ള കുറിപ്പിൽ രണ്ട് മാനേജർമാരുടേത് ഉൾപ്പെടെ ആറ് പേരുകള്‍ പരാമർശിച്ചിട്ടുണ്ട്. മാനസിക പീഡനത്തോടൊപ്പം ശാരീരികമായി കയ്യേറ്റം ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

തന്നെ കുരങ്ങെന്നും ഭ്രാന്തിയെന്നും വിവാഹമോചിതയെന്നും മറ്റും വിളിച്ച് സഹപ്രവർത്തകർ ആക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് ശിവാനി കുറിപ്പിൽ പറയുന്നു. ആറ് മാസമായി മാനസിക പീഡനം നേരിടുന്നു. അതിനിടെ ശാരീരികമായി കയ്യേറ്റവും ചെയ്തെന്ന് കുറിപ്പിലുണ്ട്. വനിതാ സഹപ്രവർത്തക ഉള്‍പ്പെടെയുള്ളവരുടെ പേരുകൾ പറയുന്നുണ്ട്. കുടുംബത്തെ നോക്കണമെന്നും തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്നും സഹോദരൻ ഗൌരവിനോട് ആവശ്യപ്പെട്ടാണ് ശിവാനി കുറിപ്പ് അവസാനിപ്പിച്ചത്. പിൻ ഉള്‍പ്പെടെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിശദാംശങ്ങളും നൽകി. 

കയ്യെഴുത്ത് ശിവാനിയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കുമെന്ന് നന്ദഗ്രാം എസിപി രവികുമാർ പറഞ്ഞു. ശിവാനി ജോലിസ്ഥലത്ത് ബോഡി ഷെയ്മിങ്ങും മാനസിക പീഡനവും നേരിട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗ്യാനഞ്ജയ് സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ശിവാനി, റിലേഷൻഷിപ്പ് മാനേജരായി ആക്സിസ് ബാങ്കിന്‍റെ നോയിഡ ശാഖയിൽ ജോലിയിൽ പ്രവേശിച്ചത്. ശിവാനിയുടെ വസ്ത്രധാരണത്തെയും ഭക്ഷണ ശീലത്തെയും സംസാരിക്കുന്ന രീതിയെയുമെല്ലാം സഹപ്രവർത്തകർ കളിയാക്കിയിരുന്നുവെന്ന് സഹോദരൻ ഗൗരവ് പറഞ്ഞു. ജോലിസ്ഥലത്ത് നേരിട്ട പീഡനത്തെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും സഹപ്രവർത്തകർക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് കുടുംബം പറയുന്നു. ഗാസിയാബാദിലെ വീട്ടിലാണ് ശിവാനിയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവാനിയുടെ മരണത്തിന് പിന്നാലെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ദുഖകരവും ദൌർഭാഗ്യകരവും എന്നാണ് ആക്സിസ് ബാങ്കിന്‍റെ വിശദീകരണം. ശിവാനി ആക്സിസ് ബാങ്ക് നേരിട്ട് നിയമിച്ച ജീവനക്കാരി അല്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ശിവാനി ക്വെസ് (ക്യുഇഎസ്എസ്) കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നുവെന്നും ആക്സിസ് ബാങ്കിന്‍റെ ഓഫീസിൽ ടെലി കോളറായി ജോലി ചെയ്യുകയായിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു. ശിവാനിയും മറ്റൊരു ജീവനക്കാരിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ആക്സിസ് ബാങ്ക് വ്യക്തമാക്കി.

ശിവാനിയുടെ കുടുംബത്തിനുണ്ടായ നഷ്ടത്തിൽ ഖേദിക്കുന്നു എന്നാണ് ക്വെസ്സിന്‍റെ പ്രതികരണം. ജീവനക്കാരെ വിവിധ സ്ഥാപനങ്ങളിലേക്ക് ആവശ്യപ്പെടുന്നത് പ്രകാരം നൽകുക എന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ക്വെസ്സ് വിശദീകരിച്ചു. ഈ ജീവനക്കാരെ നിയമിച്ച് പരിശീലനം നൽകി വിവിധ സ്ഥാപനങ്ങളിലേക്ക് വിടുക എന്നത് മാത്രമാണ് തങ്ങളുടെ റോളെന്നും ജീവനക്കാർ അതത് സ്ഥാപനങ്ങളിലെ നിർദേശങ്ങള്‍ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ക്വെസ് പറയുന്നു. തൊഴിൽ സംബന്ധമായ എല്ലാ രേഖകളും നൽകി അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

'പൊലീസിനാകെ അപമാനം'; ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച യുഎസ് പൊലീസ് ഓഫീസറെ പിരിച്ചുവിട്ടു
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്