സന്തോഷ കണ്ണീരണിഞ്ഞ് കളക്ടർ; 20 വർഷം മുൻപ് രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ വിവാഹം നടത്താനെത്തി, ഹൃദയം തൊടും നന്മ

Published : Feb 05, 2025, 11:29 AM ISTUpdated : Feb 07, 2025, 11:50 PM IST
സന്തോഷ കണ്ണീരണിഞ്ഞ് കളക്ടർ; 20 വർഷം മുൻപ് രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ വിവാഹം നടത്താനെത്തി, ഹൃദയം തൊടും നന്മ

Synopsis

2004ൽ താൻ രക്ഷിച്ച കുഞ്ഞു മീന വളർന്ന് വലുതായപ്പോൾ വിവാഹം നടത്തിക്കൊടുക്കാൻ അതേ കളക്ടറെത്തി  

ചെന്നൈ: 20 വർഷം മുൻപ് കുഞ്ഞു മീനയെ രാക്ഷസ തിരമാലകൾക്ക് വിട്ടുകൊടുക്കാതെ കോരിയെടുത്ത് ജീവൻ രക്ഷിച്ചത് അന്നത്തെ ജില്ലാ കളക്ടറാണ്. ആ കുഞ്ഞ് വലുതായപ്പോൾ വിവാഹം നടത്തിക്കൊടുക്കാൻ, ജീവൻ രക്ഷിച്ച അതേ കളക്ടർ എത്തി. ഐഎഎസ് ഓഫീസറായ ഡോ ജെ രാധാകൃഷ്ണൻ ഇതുസംബന്ധിച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 

2004ലുണ്ടായ സുനാമിയെ തമിഴ്‌നാട്ടിൽ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ് മീന. 2004 ഡിസംബർ 26ന് ആറായിരത്തിലേറെ പേരുടെ ജീവൻ തമിഴ്നാട്ടിൽ സുനാമിത്തിരകൾ അപഹരിച്ചു. കീച്ചങ്കുപ്പത്തിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ കളക്ടർ രാധാകൃഷ്ണൻ കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. 

നാഗപട്ടണത്തെ അണ്ണ സത്യ ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലാണ് കുഞ്ഞു മീന വളർന്നത്. കുഞ്ഞിനെ അവിടെ എത്തിച്ചതോടെ തന്‍റെ ഉത്തരവാദിത്വം തീർന്നു എന്നല്ല മനുഷ്യസ്നേഹിയായ ആ കളക്ടർ കരുതിയത്.  രാധാകൃഷ്ണനും ഭാര്യ കൃതികയും മീനയുടെ വളർച്ചയിലുടനീളം ഒപ്പമുണ്ടായിരുന്നു. സ്ഥലംമാറ്റത്തിന്  ശേഷവും മീനയുടെ കാര്യങ്ങൾ അന്വേഷിച്ച് കളക്ടർ വേണ്ടതെല്ലാം ചെയ്തു. നഴ്‌സ് ആകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വഴികാട്ടിയായി ഒപ്പം നിന്നു. 

മീന വിവാഹിതയാകാൻ തീരുമാനിച്ചപ്പോൾ മുന്നിൽ നിന്ന് നടത്തിക്കൊടുക്കാൻ കളക്ടർ നാഗപട്ടണത്തെത്തി. 
നാഗപട്ടണത്തെ ശ്രീ നെല്ലുകടൈ മാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ചിൽഡ്രൻസ് ഹോമിൽ ഒപ്പമുണ്ടായിരുന്ന മീനയുടെ കൂട്ടുകാരും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തി. 

വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ഡോ രാധാകൃഷ്ണൻ എഴുതിയത് മീനയുടെയും മണിമാരന്‍റെയും വിവാഹത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നാണ്- "അവർ വളർന്നു, പഠിച്ചു, ബിരുദം നേടി, ഇപ്പോൾ മനോഹരമായ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് കാണുമ്പോൾ സന്തോഷത്താൽ കണ്ണ് നിറയുന്നു. രക്തബന്ധങ്ങൾക്കപ്പുറം വളർന്ന ഒരു കുടുംബം. ഇന്നത്തെ കാഴ്ചകളും ഇന്നലെകളിലെ നിമിഷങ്ങളും പങ്കുവെക്കുമ്പോൾ, നാമെല്ലാവരും എത്ര ദൂരം പിന്നിട്ടെന്ന് തിരിച്ചറിയുന്നു"

കളക്ടറുടെ അസാധാരണ അനുകമ്പയെയും പ്രതിബദ്ധതയെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. പലരും അദ്ദേഹത്തെ യഥാർത്ഥ ഹീറോയെന്നും മനുഷ്യത്വത്തിന്‍റെ തിളങ്ങുന്ന ഉദാഹരണമെന്നും വിശേഷിപ്പിച്ചു.

'വിമാന സർവീസുകൾ തടസ്സപ്പെടും, അറിയിപ്പുകൾ ശ്രദ്ധിക്കണം'; ബെംഗളൂരുവിലെ വ്യോമനിയന്ത്രണം എയ്റോ ഷോ നടക്കുന്നതിനാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം