
പാറ്റ്ന: ബിഹാറിലെ മുസാഫർപൂരിലെ യാചകയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സാധനങ്ങൾ കണ്ട് ഞെട്ടൽ മാറാതെ പൊലീസ്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒരു കെടിഎം ബൈക്ക്, 12 മൊബൈൽ ഫോണുകൾ, പല രാജ്യങ്ങളിൽ നിന്നുള്ള വെള്ളി നാണയങ്ങൾ ഉൾപ്പെടെ കണ്ടെടുത്തു. ബ്രിട്ടീഷ് രാജ് കാലത്തെ വെള്ളിനാണയം വരെ കൂട്ടത്തിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. നിരവധി വീടുകളിൽ നിന്ന് ഇവർ മോഷണം നടത്തിയെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശാധനയിലാണ് പൊലീസിന്റെ കണ്ടെത്തൽ.
നീലം ദേവിയെന്ന് പേരുള്ള സ്ത്രീയാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങി ഇവർ ഭിക്ഷയാചിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി റൂറൽ എസ്പി വിദ്യാ സാഗർ പറഞ്ഞു. പതിയെ ഭിക്ഷാടനത്തിൽ നിന്ന് മാറി ഇവർ കൊതുക് വലകളും വിൽക്കാൻ തുടങ്ങി. ഭിക്ഷാടനത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം വീടിനുള്ളിലെ വസ്തുക്കൾ ലക്ഷ്യം വച്ചുള്ളവയാണെന്ന് പിന്നീട് മനസിലായി. നീലം കണ്ട് വച്ച് പോകുന്ന സ്ഥലങ്ങളിൽ മരുമകൻ ചുടുക്ക് ലാൽ രാത്രിയെത്തി മോഷണം നടത്തും. ഇത് പതിവായിരുന്നെന്നും റൂറൽ എസ്പി വിദ്യാ സാഗർ കൂട്ടിച്ചേർത്തു.
നീലം ദേവി അറസ്റ്റിലായതോടെ, മരുമകൻ ചുടുക്ക് ലാൽ ഒളിവിൽപ്പോയി. പൊലീസ് ഇപ്പോഴും പ്രതിക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. കണ്ടെടുത്ത സാധനങ്ങളെല്ലാം മരുമകൻ്റേതാണെന്ന് നീലം ദേവി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കെടിഎം ബൈക്ക് മോഷണത്തിന് ഉപയോഗിച്ചതായും പൊലീസ് സംശയിക്കുന്നു.
വിവിധ ബ്രാൻഡുകളിലുള്ള 12 മൊബൈൽ ഫോണുകകളാണ് കണ്ടെടുത്തിട്ടുള്ളത്. നേപ്പാൾ, അഫ്ഗാനിസ്ഥാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നാണയങ്ങളും സ്വർണ മാല, മറ്റ് സ്വർണാഭരണങ്ങൾ, കെടിഎം ബൈക്ക് എന്നിവയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. അതേ സമയം വിദേശ നാണയങ്ങൾ എങ്ങനെ ഇവരുടെ കയ്യിലെത്തിയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...