വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ഫെബ്രുവരി 5 നും 14 നും ഇടയിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവ്വീസുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്
ബെംഗളൂരു: എയ്റോ ഷോ നടക്കുന്നതിനാൽ ബെംഗളൂരു വിമാനത്താവളത്തിൽ വിമാന സർവ്വീസുകളിൽ തടസ്സം നേരിടുമെന്ന് അറിയിപ്പ്. വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ഫെബ്രുവരി 5 നും 14 നും ഇടയിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവ്വീസുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമാണ് എയ്‌റോ ഇന്ത്യ. എയ്റോ ഷോയുടെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് നടക്കുക. ഫ്ലൈറ്റ് ഷെഡ്യൂൾ സംബന്ധിച്ച് വിമാന കമ്പനികൾ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ പുതുക്കിയ സമയ പ്രകാരം ക്രമീകരിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, എയ്‌റോസ്‌പേസ് കമ്പനികളുടെ മേള ഉൾപ്പെടുന്ന വലിയ പ്രദർശനം എന്നിവ എയ്‌റോ ഇന്ത്യയിലുണ്ടാകും. ഫെബ്രുവരി 10, 11, 12 തിയ്യതികളിൽ ഇന്ത്യൻ, വിദേശ കമ്പനികൾക്ക് സഹകരിക്കാൻ വേദിയൊരുക്കുന്ന ബിസിനസ്സ് ഇടപെടലുകൾക്കായി നീക്കിവയ്ക്കും. അവസാനത്തെ രണ്ട് ദിവസങ്ങൾ അതായത് ഫെബ്രുവരി 13, 14, ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന ആകാശ കാഴ്ചയുണ്ടാവുക. 1996 മുതൽ ബെംഗളൂരുവിൽ എയ്റോ സ്പെയ്സ് എക്സിബിഷൻ സംഘടിപ്പിക്കുന്നുണ്ട്.
എയ്‌റോ ഇന്ത്യ ഷോ നടക്കുന്നതിനാൽ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിലോമീറ്റർ പരിധിയിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി നേരത്തെ ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചിരുന്നു. ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന നോൺ വെജ് ഭക്ഷണാവശിഷ്ടങ്ങൾ കഴുകനെ പോലുള്ള പക്ഷികളെ ആകർഷിക്കുമെന്നും ഇത് എയ്റോ ഷോയിൽ അപകടങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു. ഉത്തരവ് ലംഘിച്ചാൽ ബിബിഎംപി ആക്റ്റ്-2020 പ്രകാരവും ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937 ലെ 91-ാം ചട്ട പ്രകാരവും ശിക്ഷിക്കപ്പെടുമെന്ന് അറിയിപ്പിൽ പറയുന്നു.
