ശ്രീലങ്കന്‍ സ്ഫോടനം: ഇന്ത്യയില്‍ കനത്ത സുരക്ഷ; ഐഎസ് ബന്ധമുള്ള 50 പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Apr 26, 2019, 7:50 PM IST
Highlights

ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ബന്ധം സംശയിക്കുന്നവര്‍ ഭീകരവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിഗമനം. 

ദില്ലി: ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇവര്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന ശേഷം അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കഴിയുകയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. 

ഞായറാഴ്ച ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 360-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്‍റെ  പശ്ചാത്തലത്തിലാണ് ഇന്ത്യ സുരക്ഷ ശക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ബന്ധം സംശയിക്കുന്നവര്‍ ഭീകരവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിഗമനം. 

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 105 ഓളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇവര്‍ക്കെതിരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 ഐഎസ് ഭീകരര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. 2016 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യ വിട്ട കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ അഫ്ഗാനിസ്ഥാനിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലുമായി താമസിക്കുന്ന ഐഎസ് ഭീകരര്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും എന്‍ഐഎ പറ‍ഞ്ഞു. 

2018-ല്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി സ്ഫോടനപരമ്പരകള്‍ നടത്താന്‍ ഐഎസ് ബന്ധമുള്ള ഭീകരസംഘടന ഹര്‍ക്കത്-ഉള്‍-ഹര്‍ബ്-എ ഇസ്ലാം പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഐഎസിന് ആക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.  കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

click me!