
മുംബൈ: കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് 'ദൃശ്യം' മോഡൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിജയ് ചവാൻ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ കോമൾ (28), അയൽവാസിയായ മോനു എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. വിജയ് ചവാനെ കഴിഞ്ഞ 15 ദിവസമായി കാണാനില്ലായിരുന്നു. തിങ്കളാഴ്ച രാവിലെ വിജയ്‌യെ അന്വേഷിച്ച് സഹോദരന്മാർ വീട്ടിലെത്തി. തറയിലെ ടൈലുകളിൽ ചില വ്യത്യാസങ്ങൾ ഉടനടി ഇവരുടെ കണ്ണിൽപ്പെട്ടു. ചില ടൈലുകളുടെ നിറം മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിരുന്നു. സംശയം തോന്നിയതിനാൽ വേറിട്ടു നിന്ന ടൈലുകൾ നീക്കം ചെയ്‌തു നോക്കി. ടൈലുകൾക്ക് അടിയിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രം കണ്ടെത്തി. വീടിനുള്ളിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ സഹോദരങ്ങൾ ഉടനെ പൊലീസിനെ അറിയിച്ചു.
അവർ ഭയന്നതു പോലെ തന്നെ സംഭവിച്ചു. പൊലീസുകാർ എത്തി കുഴിച്ചുനോക്കിയപ്പോൾ വിജയ് ചവാന്‍റെ മൃതദേഹം കണ്ടെത്തി. ഈ സമയത്ത് ഭാര്യ കോമൾ സ്ഥലത്തുണ്ടായിരുന്നില്ല. അയൽവാസി മോനുവിനെയും രണ്ട് ദിവസമായി കാണാനില്ല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും കൊലപാതകം നടത്തി മുങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam