
വഡോദര: ഗുജറാത്തിലെ വഡോദര നഗരത്തിലെ പാനിഗേറ്റില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലി രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടപെട്ട പൊലീസ് ഇരുഭാഗത്തുനിന്നും 19 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് നേരത്തെ തന്നെ വർഗീയ സംഘർഷം നിലനിൽക്കുന്ന പാനിഗേറ്റ് പ്രദേശത്ത് സംഘർഷമുണ്ടായത്. സംഘർഷം നടക്കുന്ന വിവരം ലഭിച്ച് സ്ഥലത്ത് എത്തിയ പൊലീസിന് നേരെ ഏകദേശം ഒരു മണിക്കൂറോളം പ്രദേശത്തെ ഒരു വീടിന്‍റെ മൂന്നാം നിലയിൽ നിന്ന് പെട്രോൾ ബോംബെറിഞ്ഞു.
പെട്രോൾ ബോംബെറിഞ്ഞയാള്‍ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് വഡോദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യശ്പാൽ ജഗനിയ പിടിഐയോട് പറഞ്ഞു. സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ഒരു ഭാഗത്ത് നിന്നും വിട്ട റോക്കറ്റ് പടക്കം വീണതിനെ തുടർന്ന് പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിന് തീപിടിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
“തുടര്‍ന്ന് പടക്കം പൊട്ടിക്കുന്നതും, റോക്കറ്റ് പടക്കങ്ങള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ തുടർന്ന് രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ പരസ്പരം തര്‍ക്കത്തിലാകുകയും. അത് കല്ലേറിലേക്ക് നീങ്ങുകയും ചെയ്തു” ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഡോദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യശ്പാൽ ജഗനിയ പറഞ്ഞു. സംഘര്‍ഷം ഉണ്ടാക്കിയ ഇരു സമുദായങ്ങളിലെയും പ്രതികളെ പിടികൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബര്‍ നാലിന് വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാർക്കറ്റില്‍ വര്‍ഗ്ഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒരുവിഭാഗത്തിന്റെ ഉത്സവം അടുത്തിരിക്കെ, അവരുടെ മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വഡോദര റൂറൽ പൊലീസ് മേധാവി പിആർ പട്ടേൽ പറഞ്ഞു.
ഇലക്ട്രിക് പോസ്റ്റിൽ കൊടി കെട്ടിയത് ചോദ്യം ചെയ്യാൻ മറ്റൊരു സംഘം എത്തിയതോടെ കല്ലേറും സംഘർഷവുമുണ്ടായെന്നും പൊലീസ് വ്യക്തമാക്കി. കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുഭാഗത്തുമുള്ള പ്രതികളായ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പട്രോളിങ് ശക്തമാക്കിയെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും വഡോദര പൊലീസ് വ്യക്തമാക്കി. ഇവിടെ 40 ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍
കൊച്ചിയിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിയെന്ന് സംശയം; സ്ഥിരമായ മേൽവിലാസമില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam