
ഉദയ്പൂർ: ജന്മദിന ആഘോഷത്തിന് ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കൊണ്ടുപോയി ഐടി കമ്പനി മാനേജറെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ കമ്പനി സിഇഒ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, അവരുടെ ഭർത്താവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിൽ ഡിസംബർ 20-നാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഉദയ്പൂരിലെ ജി.കെ.എം എന്ന ഐടി കമ്പനിയിലെ മാനേജരായ യുവതിയാണ് പീഡനത്തിനിരയായത്. ഡിസംബർ 20-ന് രാത്രി ഒൻപത് മണിയോടെ നടന്ന ഒരു ജന്മദിന പാർട്ടിയിൽ യുവതി പങ്കെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത സിഇഒ ജിതേഷ് പ്രകാശ് സിസോദിയയും മറ്റ് സഹപ്രവർത്തകരും മദ്യപിച്ചിരുന്നു. അമിതമായി മദ്യപിച്ചതിനെ തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായപ്പോൾ, വീട്ടിൽ വിടാമെന്ന് പറഞ്ഞ് സിഇഒയും വനിതാ എക്സിക്യൂട്ടീവ് മേധാവിയും അവരുടെ ഭർത്താവായ ഗൗരവ് സിരോഹിയും ചേർന്ന് യുവതിയെ കാറിൽ കയറ്റുകയായിരുന്നു.
യാത്രയ്ക്കിടെ പ്രതികൾ വണ്ടി നിർത്തുകയും യുവതിക്ക് സിഗരറ്റ് നൽകുകയും ചെയ്തു. ഇത് ഉപയോഗിച്ചതോടെ യുവതി പൂർണ്ണമായും അബോധാവസ്ഥയിലായി. ഈ സമയത്താണ് ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി ക്രൂരമായ പീഡനത്തിനിരയായത്. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോഴാണ് താൻ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ബുധനാഴ്ച മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. യുവതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതായും കാറിൽ നിന്ന് നിർണ്ണായക തെളിവുകൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു. ഉദയ്പൂരിലെ ശോഭാഗ്പുരയിലുള്ള ഐടി കമ്പനി മേധാവിയായ ഇയാൾ നഗരത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ സ്കൈ മറീന അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഭർത്താവും ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam