
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥി സമരം. മലയാളി വിദ്യാർത്ഥികളടക്കം എഴുന്നൂറോളം വിദ്യാർത്ഥികളാണ് സർവകലാശാലയിലെ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് മുന്നിൽ ഇന്നലെ രാത്രി മുതൽ സമരം തുടരുന്നത്. ലേഡീസ് ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചാണ് സമരം. ഹോസ്റ്റലിനകത്തും പരിസരത്തും രാത്രി അടക്കം പുരുഷൻമാരെ കണ്ടതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. അതിക്രമിച്ച് കയറിയവരിൽ ചിലർ കുറച്ച് വിദ്യാർത്ഥിനികളുടെ വീഡിയോ എടുത്തതായും ഇവർ പറയുന്നു.
ഇതിൽ പരാതി നൽകിയതിലും നടപടിയുണ്ടായിട്ടില്ല. ഹോസ്റ്റൽ പരിസരത്ത് സിസിടിവിയില്ലെന്നും ഉള്ളത് പ്രവർത്തനരഹിതമെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. സെക്യൂരിറ്റി ജീവനക്കാരാകട്ടെ നാമമാത്രമാണുള്ളത്. നാല് മാസം മുൻപും സമാനമായ സംഭവങ്ങൾ ആവർത്തിച്ചപ്പോൾ വിദ്യാർത്ഥികൾ സമരം നടത്തിയതാണ്. അന്നും ഉറപ്പുകൾ കിട്ടിയതല്ലാതെ ഒരു പരിഹാരത്തിനും സർവകലാശാല മുൻകൈയെടുത്തില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ലേഡീസ് ഹോസ്റ്റലിന് കൃത്യം സുരക്ഷ ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.