മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി കോടതിയില്‍; ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ഹര്‍ജിക്കാര്‍

By Web TeamFirst Published Sep 26, 2020, 5:37 PM IST
Highlights

ഷാഹി ഈദ്ഗാഹ് പൊളിച്ചുനീക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
 

ദില്ലി: മഥുരയില്‍ ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലമുള്‍പ്പെടെ 13.37 ഏക്കറിന്റെ ഉടമസ്ഥാവകാശം വേണമെന്നാവശ്യപ്പെട്ട് ശ്രീകൃഷ്ണ വിരാജ്മാന്‍ മഥുര കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഷാഹി ഈദ്ഗാഹ് പൊളിച്ചുനീക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മൗജ മഥുര ബസാര്‍ സിറ്റിയിലെ കത്ര കേശവ് ദേവ് ക്ഷത്രത്തിലെ ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്‍ എന്നാണ് ഹര്‍ജിക്കാരന്റെ പേര്. അടുത്ത സുഹൃത്തായ രഞ്ജന അഗ്നിഹോത്രി, ആറ് ഭക്തന്മാര്‍ എന്നിവരിലൂടെയാണ് സിവില്‍ കേസ് കോടതിയില്‍ ഫയല്‍ ചെയ്തത്.  

സുന്നി വഖഫ് ബോര്‍ഡിന്റെ അറിവോടെ മസ്ജിദ് ഈദ്ഗാഹ് അനധികൃതമായി കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞതായി അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍, അയോധ്യക്കേസില്‍ 1947ന് ശേഷം നിലനിന്ന എല്ലാ ആരാധനാലയങ്ങളും തല്‍സ്ഥിതിയില്‍ തുടരുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മഥുരയില്‍ ഭൂമിയാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുമോയെന്ന് സംശയമാണെന്നും വിദഗ്ധര്‍ പറയുന്നു. യുപി സുന്നി വഖഫ് ബോര്‍ഡിനോ മസ്ജിജ് ട്രസ്റ്റിനോ മുസ്ലിം സമുദായത്തിനോ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ താല്‍പര്യമില്ലെന്നും രഞ്ജന അഗ്നി ഹോത്രി വ്യക്തമാക്കി.

ചരിത്രകാരന്‍ ജദുനാഥ് സര്‍ക്കാറിനെ ഉദ്ധരിച്ച്, ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തെ ക്ഷേത്രവും വിഗ്രഹവും 1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഭാഗികമായി തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നും അഗ്നിഹോത്രി പറഞ്ഞു. ഷാഹി ഈദ്ഗാഹ് സംബന്ധിച്ച കേസ് വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്. നിലനില്‍ക്കുന്ന നിര്‍മ്മിതികളില്‍ മാറ്റം വരുത്തരുതെന്ന് 1973ല്‍ മഥുര സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. 
 

click me!