
പുനെ: നവവധുവിന് ഭർത്താവിന്‍റെ വീട്ടിൽ കൊടിയ പീഡനം ഏൽക്കേണ്ടി വന്നതായി പരാതി. ഭർത്താവ് തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചായി 29കാരി നൽകിയ പരാതിയിൽ പറയുന്നു. വിവാഹ ദിനം മുതൽ തന്നോട് ഒരു അടുപ്പവും കാണിക്കാതിരുന്ന ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് താൻ തിരിച്ചറിഞ്ഞെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിനും നാല് ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.
മഹാരാഷ്ട്രയിലെ പുനെയിൽ യെർവാഡയിലാണ് സംഭവം. ഈ വർഷം ഏപ്രിലിലാണ് പരാതിക്കാരിയും 33കാരനായ യുവാവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതൽ ഭർത്താവ് അകലം പാലിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു. ശാരീരിക ബന്ധമൊന്നും ഉണ്ടായില്ല. വൈദ്യപരിശോധന നടത്താമെന്ന് യുവതി പറഞ്ഞപ്പോൾ താൻ പൂർണ ആരോഗ്യവാനാണ് എന്നായിരുന്നു യുവാവിന്‍റെ മറുപടി. എന്നിട്ടും പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.
രണ്ട് മാസമായിട്ടും ഇതു തുടർന്നതോടെ യുവതി ഭർതൃവീട്ടുകാരെ സമീപിച്ചു. പക്ഷേ തന്നെ ആശ്വസിപ്പിക്കുന്നതിന് പകരം ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയാണ് ഭർതൃ വീട്ടുകാർ ചെയ്തതെന്ന് യുവതി പറയുന്നു. അതിനിടെയാണ് ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് തന്നെ പൊള്ളിച്ചതെന്നും യുവതി പറഞ്ഞു. തുടർന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ, സഹോദരിമാരുടെ ഭർത്താക്കന്മാർ തടഞ്ഞു. ഭർത്താവിന് ജിംനേഷ്യത്തിൽ പോകാൻ വീട്ടിൽ നിന്നും 60,000 രൂപ കൊണ്ടുവരാൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചു.
പിന്നീട് താൻ സ്വവർഗാനുരാഗിയാണെന്ന് ഭർത്താവ് സമ്മതിച്ചതായും യുവതി പറഞ്ഞു. തുടർന്ന് യുവതി മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തി. എന്നിട്ടാണ് യർവാഡ സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുക്കുകയായിരുന്നു.