
ദില്ലി: ചില സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. മൂന്നാം തരംഗത്തിൻ്റെ ഭീഷണി കൂടുന്നു. വൈറസിൻ്റെ തുടർ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം സംബന്ധിച്ച് കേരളമുൾപ്പടെ 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി.
രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വൈറസിൻ്റെ തുടർ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ആഘോഷങ്ങൾ നടത്താൻ സമയമായിട്ടില്ല. വാക്സിനേഷൻ്റെയും, രോഗ നിർണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക് പറയുന്നത്. 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചുട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,78,078 പേർക്ക് കൂടി വാക്സീൻ നൽകി. 39,53,43,767 ഡോസ് വാക്സീനാണ് ഇത് വരെ രാജ്യത്ത് വിതരണം ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam