
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട ബിജുവിന്‍റെയും സന്ധ്യയുടേയും നില അതീവ ഗുരുതരം. ഇരുവരേയും രക്ഷപ്പെടുത്താനായി എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇരുവരും അബോധാവസ്ഥയിലാണെന്നും ഓക്സിജൻ നൽകിയതായും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ബിജുവും സന്ധ്യയും മൂന്ന് മണിക്കൂറുകളമായി തകർന്ന കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. നേരത്തെ ഇരുവരും രക്ഷാപ്രവർത്തകരുമായി സംസാരിച്ചിരുന്നു. എന്നാൽ നിലവിൽ ബിജുവും സന്ധ്യയും അബോധാവസ്ഥയിലാണ്.
ബിജുവിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഓക്സിജൻ നൽകിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. ഇരുവരേയും എത്രയും വേഗം കോൺക്രീറ്റ് സ്ലാബ് നീക്കി പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം. ചുറ്റിക ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നീക്കിയും കട്ടറുപയോഗിച്ചുമെല്ലാം കോൺക്രീറ്റ് സ്ലാബ് മാറ്റാൻ ശ്രമം തുടരുകയാണ്. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ ഉടനെ സ്ഥലത്ത് എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ വ്യക്തമാക്കി.
ഇന്നലെ രാത്രി രാത്രി 10.30 കഴിഞ്ഞാണ് പ്രദേശത്ത് തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ടു വീടുകൾ തകർന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു.
പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അടിമാലി ഉന്നതിയിൽ നിന്നുമുള്ള കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഉന്നതിക്ക് മുകൾ ഭാഗത്തായി വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് അടിമാലി ഗവണ്‍മെന്‍റ് സ്കൂളിൽ ക്യാമ്പ് തുറന്നത്.