
ബെംഗളൂരു: കർണ്ണാടകയിലെ ബെംഗളൂരുവിൽ ഭാര്യയുമായി വഴക്കിട്ട് രണ്ടാനച്ഛൻ 7 വയസുകാരിയെ ദാരുണമായി കൊലപ്പെടുത്തി. കുന്പളഗൗഡ സ്വദേശി ദർശൻ ആണ് കൊലപാതകം നടത്തിയത്. 7 വയസുകാരിയായ സിരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദർശനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ദർശന്‍റെ ഭാര്യ ശിൽപ്പ നൽകിയ പരാതിയിലാണ് അന്വേഷണം. നാല് മാസങ്ങൾക്ക് മുമ്പാണ് ദർശനും ശിൽപ്പയും തമ്മിൽ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് ദിനസങ്ങൾക്കുള്ളിൽ തന്നെ ശിൽപ്പയും ദർശനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ തക്കമുണ്ടായി. പിന്നീട് ശിൽപ്പ ജോലിക്ക് പോവുകയും ചെയ്തു. ഈ സമയം ദർശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ കുഞ്ഞ് ദർശനോട് എന്തോ ചോദിക്കുകയും ഇതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ മർദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ശിൽപ്പയാണ് മകളെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ശിൽപ്പയുടെ കരച്ചിൽ കേട്ട് ഓടിയത്തിയവർ വാതിൽ തകർത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം സംസ്കരിക്കും. ഒളിവിൽ പോയ ദർശനെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.