
ദില്ലി: നാഗ്പൂർ-ദില്ലി എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് തിരികെയിറക്കി. നാഗ്പൂരിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പൂരിലേക്ക് തിരികെയിറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനം സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റി. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു.
"ഒക്ടോബർ 24-ന് നാഗ്പൂരിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന എഐ466, ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പക്ഷിയിടി നേരിട്ടു. വിമാനത്തിന്റെ പരിശോധനയ്ക്കായി, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് മുൻകരുതൽ എന്ന നിലയിൽ നാഗ്പൂരിലേക്ക് തിരികെയിറക്കാൻ തീരുമാനിച്ചു. വിമാനം സുരക്ഷിതമായി നാഗ്പൂരിൽ ലാൻഡ് ചെയ്യുകയും തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഇതിന് കൂടുതൽ സമയം വേണ്ടിവന്നതിനാൽ ആ വിമാനം റദ്ദാക്കേണ്ടിവന്നു. നാഗ്പൂരിലെ ഞങ്ങളുടെ ജീവനക്കാർ യാത്രക്കാർക്ക് ഉടനടി സഹായം നൽകി"- എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ ദില്ലിയിൽ ടെർമിനൽ 2 പ്രവർത്തന സജ്ജമായി. എയർ ഇന്ത്യ തങ്ങളുടെ 180 പ്രതിദിന ആഭ്യന്തര വിമാനങ്ങളിൽ 60 എണ്ണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 ൽ നിന്ന് ടെർമിനൽ 2ലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് ടെർമിനൽ 3ലായിരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.