കോംഗോയിൽ ഐക്യരാഷ്ട്ര സഭയ്ക്ക് എതിരെ കലാപം; രണ്ട് ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ടു

Published : Jul 26, 2022, 10:23 PM IST
കോംഗോയിൽ ഐക്യരാഷ്ട്ര സഭയ്ക്ക് എതിരെ കലാപം; രണ്ട് ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ടു

Synopsis

ചിതറിയോടിയ പ്രതിഷേധക്കാർ വീണ്ടും സംഘടിച്ച് തിരിച്ചെത്തി. ഈ സമയത്ത് ആയുധങ്ങളേന്തിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു

ദില്ലി : ഐക്യരാഷ്ട്ര സഭക്കെതിരായി ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഇന്ത്യാക്കാരായ രണ്ട് ബി എസ് എഫ് ജവാന്മാരും കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. എന്നാൽ കൊല്ലപ്പെട്ട ജവാന്മാരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇവർക്ക് പുറമെ വേറെയും അഞ്ച് മരണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 50 ഓളം പേർക്ക് സ്ഥലത്ത് നടക്കുന്ന സംഘർഷത്തിൽ ഇതുവരെ പരിക്കേറ്റിട്ടുണ്ട്. നൂറിലധികം വരുന്ന സായുധ സംഘങ്ങളാണ് രാജ്യത്ത് അക്രമം അഴിച്ചുവിട്ടത്. യുഎൻ ദൗത്യസംഘം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയമെന്ന് വിമർശിച്ചാണ് സായുധ സംഘങ്ങൾ പോരാട്ടം തുടങ്ങിയത്.

ഇന്നലെ പ്രതിഷേധക്കാർ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ വെയർഹൗസിന് തീയിട്ടിരുന്നു.  എന്നാൽ സമാധാന ശ്രമങ്ങൾ തുടരും എന്ന് ദൗത്യസേനയായ മൊനുസ്കോയുടെ വക്താവ് പ്രതികരിച്ചു. യുഎൻ സംഘം രാജ്യം വിടും വരെ പ്രതിഷേധം എന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനക്കെതിരെ ഒരാഴ്ച നീണ്ട പ്രതിഷേധത്തിന് ഇന്നലെയാണ് ഇവിടെയുള്ള പ്രാദേശിക സംഘടനകൾ ആഹ്വാനം ചെയ്തത്. ഇന്നലെ മുതൽ ഒരാഴ്ചത്തേക്ക് പ്രതിഷേധം എന്നായിരുന്നു ആഹ്വാനം. എന്നാൽ സമാധാന സേനയുടെ കേന്ദ്ര ക്യാംപിന് 350 കിലോമീറ്റർ അകലെ ഗോമ പ്രദേശത്ത് ഇന്നലെ തന്നെ സംഘർഷം ഉടലെടുക്കുകയായിരുന്നു.

പിന്നാലെ സമീപ നഗരങ്ങളായ ബേനിയിലും ബുട്ടമ്പോയിലും സമാധാന സേനാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടങ്ങളിലായിരുന്നു കൊല്ലപ്പെട്ട ഇന്ത്യൻ ജവാന്മാരെ വിന്യസിച്ചത്. ഇവിടങ്ങളിൽ ഇന്നലെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. ബുട്ടമ്പോയിൽ ബിഎസ്എഫ് ജവാന്മാർ നിലയുറപ്പിച്ചിരുന്ന ക്യാംപ് ഇന്ന് അക്രമികൾ വളയുകയായിരുന്നു. 500 ഓളം വരുന്ന അക്രമികളാണ് സമാധാന സേനയെ വളഞ്ഞത്.

പ്രതിഷേധക്കാർ കല്ലേറ് തുടങ്ങിയതോടെ ഇവരെ പിരിച്ചുവിടാൻ സമാധാന സേനാംഗങ്ങൾ ആകാശത്തേക്ക് വെടിയുതിർത്തു. പിന്നീട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ചിതറിയോടിയ പ്രതിഷേധക്കാർ വീണ്ടും സംഘടിച്ച് തിരിച്ചെത്തി. ഈ സമയത്ത് ആയുധങ്ങളേന്തിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. 

മൊറോക്കോയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അംഗങ്ങളാണ് ഇവിടെ സമാധാന സേനയ്ക്ക് വേണ്ടി വിന്യസിക്കപ്പെട്ടിരുന്നത്. ഇവരിൽ രണ്ട് ഇന്ത്യൻ ജവാന്മാരും മൊറോക്കോയിൽ നിന്നുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു