ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും എന്നും ഖാര്‍ഗെ പറഞ്ഞു.  

ദില്ലി: ഗുജറാത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും എന്നും ഖാര്‍ഗെ പറഞ്ഞു. 

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്. സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വൻ ഇടിവാണ് ഉണ്ടായത്. ആംആദ്മി പാർട്ടി കോൺഗ്രസ് വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഒരു കാലത്ത് ഗുജറാത്ത് അടക്കി ഭരിച്ച പാർട്ടിയാണ്. മൂന്ന് പതിറ്റാണ്ടായി തിരിച്ചടി മാത്രം നേരിട്ട് കൊണ്ടിരുന്ന കോൺഗ്രസ് ഇത്തവണ പടുകുഴിയിലേക്ക് വീണു . പ്രചാരണ കാലത്ത് പലരും ഇങ്ങനെയൊരു വിധി പ്രവചിച്ചതാണ്. ബിജെപിയും ആപ്പും നാടിളക്കി പ്രചാരണം കൊഴുപ്പിക്കുമ്പോൾ കോൺഗ്രസ് എവിടെയെന്ന ചോദ്യം ഉയ‍ർന്നു. താഴെക്കിടയിൽ വീട് കയറിയും മറ്റുമുള്ള പ്രചാരണം നടത്തുന്നുണ്ടെന്നാണ് നേതൃത്വം വിശദീകരിച്ചത്. പക്ഷെ ആ പരീക്ഷണം ഒട്ടും ഗുണം ചെയ്തില്ല. മോദിയെ മുന്നിൽ നിർത്തിയുള്ള പ്രചാരണം ബിജെപി നടത്തുമ്പോൾ എതിർ വശത്ത് രാഹുലെത്തിയാൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ തന്നെ അപ്രസക്തമാവുമെന്ന കണക്കു കൂട്ടൽ കൂടി കോൺഗ്രസിനുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാവാം ഒരു ദിനം മാത്രം രാഹുൽ ഗുജറാത്തിൽ എത്തിയത്.

ആം ആദ്മിപാർട്ടി ഭരണ വിരുധ വോട്ടുകൾ പിളർത്തിയെന്നത് ഒരു പരിധി വരെ ശരിയാണ്. കഴിഞ്ഞ തവണ കിട്ടിയ വോട്ട് വിഹിതത്തിൽ എത്ര ഇടിവുണ്ടായോ അത്ര വോട്ട് വിഹിതം ഇത്തവണ ആംആദ്മി പാർട്ടി നേടി. ആറിലൊന്ന് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് ആപ്പ് പിന്തള്ളി. സൗരാഷ്ട്ര മേഖലയിലാണ് അങ്ങനെ നോക്കിയാൽ ആപ്പ് കൂടുതൽ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന മേഖലയാണിതെന്ന് ഓർക്കണം. തെക്കൻ ഗുജറാത്തിൽ കോൺഗ്രസ് വലിയ ശക്തിയല്ലായിരുന്നെങ്കിലും ആപ്പ് ഈ മേഖലയിലും വൻ മുന്നേറ്റം നടത്തിയതോടെ കോൺഗ്രസ് ചിത്രത്തിലേ ഇല്ലാതായി. ഹിന്ദുത്വ ആശയങ്ങൾ മുന്നോട്ട് വച്ച് പ്രചാരണം നടത്തിയ ആപ്പ് ചില മണ്ഡലങ്ങളിൽ ബിജെപിക്കും തലവേദന ആയിട്ടുണ്ട്. 

Read Also; താരപരിവേഷം തുണച്ചില്ല, വിജയിക്കാതെ ഇസുഭായ്; എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റത് 18000ലധികം വോട്ടുകള്‍ക്ക്