കോൺഗ്രസിൽ 'ഒതുക്കൽ' തുടരുന്നു; യുപിയിൽ വിമത സ്വരമുയർത്തിയവരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു

By Web TeamFirst Published Sep 7, 2020, 8:52 AM IST
Highlights

മുൻ കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ, പാർട്ടി മുൻ അധ്യക്ഷൻ രാജ്ബബ്ബാർ എന്നിവരെയാണ് കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയത്. സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ സംഘത്തിൽ ഇരുവരുമുണ്ടായിരുന്നു.

ദില്ലി: കോൺഗ്രസിലെ വിമത സ്വരമുയർത്തിയ നേതാക്കള ഒഴിവാക്കി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു. യു പിയിലെ പ്രമുഖരായ മുൻ കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ, പാർട്ടി മുൻ അധ്യക്ഷൻ രാജ്ബബ്ബാർ എന്നിവരെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കി. സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ സംഘത്തിൽ ഇരുവരുമുണ്ടായിരുന്നു.

പാര്‍ട്ടിയുടെ ദൗര്‍ബല്യം കത്തിലൂടെ ചൂണ്ടിക്കാട്ടിയ നേതാക്കളെ നയരൂപീകരണ യോഗത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരടക്കമുള്ളവര്‍ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ടായില്ല. സോണിയക്ക് കത്തെഴുതിയ  23 അംഗ സംഘത്തിലുള്ള മറ്റ് എംപിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. 

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നേതൃത്വം തീരുമാനം പുനപരിശോധിച്ചെന്നാണ് സൂചന. ലോക്സഭ, രാജ്യസഭ നയ രൂപീകരണ സമിതിയിലുള്ള എല്ലാവരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെസി  വേണുഗോപാല്‍ എംപി അറിയിച്ചു. അതേസമയം, കത്തെഴുതിയ നേതാക്കള്‍ ഇപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഉദ്ദേശ്യശുദ്ധിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും, പാര്‍ട്ടി നന്നാകുക എന്നത് മാത്രമാണ് ലക്ഷ്യമെന്നുമാണ് മനീഷ് തിവാരി എംപിയുടെ പ്രതികരണം.  

click me!