യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് 'ബിജെപി നേതാവിനെ'.!

By Web TeamFirst Published Dec 22, 2020, 7:12 PM IST
Highlights

തെരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോഴും മധ്യപ്രദേശിലെ അടിസ്ഥന ഘടകങ്ങളിലെ അവസ്ഥയെക്കുറിച്ച് ധാരണയില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഭോപ്പാല്‍: ബിജെപിയില്‍ ചേര്‍ന്ന മുന്‍ നേതാവിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത് മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ടത്തരം. തെരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോഴും മധ്യപ്രദേശിലെ അടിസ്ഥന ഘടകങ്ങളിലെ അവസ്ഥയെക്കുറിച്ച് ധാരണയില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി നേതാവ് ഹര്‍ഷിദ് സിന്‍ഹായി തുടര്‍ച്ചയായി ഫോണില്‍ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ അത്ഭുതപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടതില്‍ അഭിനന്ദനം എന്നതായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ കോണ്‍ഗ്രസ് വിട്ട വ്യക്തിയാണ് ഇദ്ദേഹം. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി ആയിരുന്ന ഹര്‍ഷിദ് സിന്‍ഹായി  അദ്ദേഹം പാര്‍ട്ടി വിട്ടപ്പോഴാണ് കോണ്‍ഗ്രസിനോട് വിടപറഞ്ഞത്. 

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ രേഖകളില്‍ ഇദ്ദേഹം പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട ഒരു വിവരവും ഇല്ലായിരുന്നു. അതിനാല്‍ തന്നെ ബിജെപിക്കാരനായി മാറിയ പഴയ യൂത്ത് കോണ്‍ഗ്രസുകാരനെ ജനറല്‍ സെക്രട്ടറിയായി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നതാണ് ഇതിലെ രസകരമായ കാര്യം. 

ഇതില്‍ സംഭവിച്ച ഒരു രസകരമായ കാര്യം ഹര്‍ഷിദ് സിന്‍ഹായി പറയുന്നു. മൂന്ന് കൊല്ലം മുന്‍പാണ് താന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയത്. ആ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്. 12 വോട്ടിനായിരുന്നു ഹര്‍ഷിദ് സിന്‍ഹായി ജയിച്ചത്. ഏതായാലും സംഭവം വാര്‍ത്തയായി പാര്‍ട്ടിക്ക് നാണക്കേടായതോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.

click me!