
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം 95 സീറ്റുകളില്‍ ഗുല്‍പര്‍ സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപി 57 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 22 സീറ്റുകളില്‍ മുന്നിലാണ്.
കശ്മീരില്‍ ഗുപ്കാര്‍ സഖ്യം മുന്നേറ്റം തുടരുമ്പോള്‍ ജമ്മുവിലാണ് ബിജെപി ആധിപത്യം നേടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മുവില്‍ 20 ഓളം സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം മുന്നിലാണ്. കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 60ലേറെ സീറ്റുകളില്‍ മുന്നിലാണ്.
കശ്മീരില്‍ ഇത് ആദ്യമായി ബിജെപി ഒരു സീറ്റ് നേടി. അയ്ജാസ് ഹുസൈനാണ് ബിജെപിക്കായി സീറ്റ് നേടിയത്. സമാധാനം നിലനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ വിജയാഘോഷം നടത്തരുതെന്ന് വിവിധ ജില്ല ഭരണകൂടങ്ങള്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ മുന്‍ ഭരണകക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി എന്നിവരും സിപിഎം പോലുള്ള കക്ഷികളും ചേര്‍ന്നാണ് ഗുപ്കാര്‍ സഖ്യം രൂപീകരിച്ചത്. ഇവരോട് ആദ്യം ഐക്യം പ്രഖ്യാപിച്ച കോണ്‍ഗ്രസ് പിന്നീട് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഇരുപതു ജില്ലകളിലായി 280 ഡി.ഡി.സി സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 2,178 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഒരു ജില്ലയില്‍ 14 സീറ്റ് വീതമാണ് ഉള്ളത്. രണ്ട്ഘട്ടമായി പേപ്പര്‍ബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ജില്ലാ വികസന കൗണ്‍സിലേക്ക് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam