
അഹമ്മദാബാദ്: ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പോരാട്ടമായി മാറരുതെന്ന് കോൺഗ്രസ് തീരുമാനം. കോൺഗ്രസ് ബിജെപിക്കെതിരെയാകണം പ്രചാരണം നടത്തേണ്ടതെന്നും കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും ഉയർത്തിക്കാട്ടില്ലെന്ന കീഴ്വഴക്കത്തിൽ ഉറച്ചുനിൽക്കാനാണ് കോൺഗ്രസ് ഇത്തവണയും തീരുമാനിച്ചത്. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടക്കും. 24 വർഷത്തിലേറെയായി ഗുജറാത്തിൽ ബിജെപിയാണ് ഭരിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനായി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് ഗുജറാത്തിൽ നിന്നുള്ള നേതാക്കളുമായി ദില്ലിയിൽ യോഗം ചേർന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ മുതിർന്ന നേതാക്കളായ പി ചിദംബരം, മുകുൾ വാസ്‌നിക്, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരാണ് പ്രധാന നേതാക്കൾ. ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ, പാർട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ജഗദീഷ് താക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ, മുൻ അധ്യക്ഷൻമാരായ അർജുൻ മോദ്‌വാദിയ, അമിത് ചാവ്‌ദ, വക്താവ് മനീഷ് ദോഷി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് കേന്ദ്രസർക്കാർ രൂപീകരണത്തിനോ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനോ അല്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമായി മാറരുതെന്ന് തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ബിജെപിയുടെ സംസ്ഥാന ഘടകം പ്രസിഡന്റ് സിആർ പാട്ടീലിനും എതിരെയാണ് മത്സരമെന്നും കോൺഗ്രസ് വ്യക്തമാക്കി. ബിജെപിയെ സംബന്ധിച്ചിടത്തോളം, പ്രധാനമന്ത്രി മോദിതുറുപ്പുചീട്ടാണ്, അവർ അദ്ദേഹത്തിന്റെ പേരിൽ വോട്ട് തേടും. അവർക്ക് സംസ്ഥാന തലത്തിൽ ശക്തരായ നേതാവില്ല. മോദിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാൻ അവർ ശ്രമിക്കും. ബിജെപി മുഖ്യമന്ത്രിമാരുടെ ദുർഭരണം ജനം കണ്ടിട്ടുണ്ടെന്നും കോൺഗ്രസിന്റെ പോരാട്ടം അവർക്കെതിരെയാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രാദേശിക പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചതായി ദോഷി പറഞ്ഞു. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 77 സീറ്റുകൾ നേടിയപ്പോൾ ബിജെപി 99 സീറ്റുകൾ നേടിയിരുന്നു.