
ജയ്പുർ: ഡൽഹി പൊലീസിന്റെ മർദനത്തിൽ രാജസ്ഥാനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. എൻഎസ്‍യുഐ ദേശീയ സെക്രട്ടറി ഋതു ബരാലയെ ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ രാജസ്ഥാൻ പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിലാണ് കോൺഗ്രസിന്റെ പ്രതിഷേധം. ബുധനാഴ്ച രാവിലെ ജയ്പുരിലെ പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയ നേതാക്കൾ കമ്മീഷണർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് സിങ് ദോതസ്ര ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തിലുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടത്തിയ പ്രതിഷേധങ്ങൾക്കിടെ ഡൽഹി പൊലീസ് മർദിച്ചെന്ന് ആരോപിച്ചാണ് ഋതു ബരാല രാജസ്ഥാൻ പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ, ഡൽഹി പൊലീസിനെതിരേ രാജസ്ഥാൻ പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കുന്നില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇക്കാര്യത്തിലാണ് പിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്മീഷണർ ഓഫീസിലെ സമരത്തിനിടെ പിസിസി അധ്യക്ഷന്റെ കാലിൽ പരിക്കേറ്റെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം, ഋതു ബരാല നേരത്തേ ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിനാൽ രാജസ്ഥാനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നുമാണ് ജയ്പുർ എസിപി ഡോ. അജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്. ഋതു ബരാല സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതി ഡൽഹി പൊലീസ് പരിശോധിച്ചുവരികയാണ്. അതിനാൽ ഇവിടെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ല. പരാതിക്കാരന് സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ കഴിയാതിരുന്നാലാണ് മറ്റൊരിടത്ത് പരാതി സ്വീകരിച്ച് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയെന്നും പൊലീസ് പറഞ്ഞു. എന്നാൽ, രാജസ്ഥാൻ പൊലീസിന്റെ അവകാശവാദത്തെ കോൺഗ്രസ് നേതാക്കൾ തള്ളി. ഡൽഹി പൊലീസ് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് നൽകണമെന്നും അങ്ങനെയാണെങ്കിൽ സമരം അവസാനിപ്പിക്കാമെന്നും തങ്ങൾ വീടുകളിലേക്ക് തിരികെപോകാമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam