
പനാജി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗോവയിലും വിമത നീക്കം നടക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് മൈക്കൾ ലോബോ. കോണ്‍ഗ്രസ് എംഎൽഎമാര്‍ കൂട്ടത്തോടെ ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ മൈക്കൾ ലോബോ നിഷേധിച്ചത്. നാളെ ഗോവ നിയമസഭാ ചേരാനിരിക്കിയൊണ് പ്രതിപക്ഷ നേതാവിൻ്റെ വിശദീകരണം.
ഗോവയിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ നിയമസഭാ സമ്മേളനത്തിന് തലേ ദിവസം ചേര്‍ന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന വാര്‍ത്തകൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിൽ ഭിന്നതയുണ്ടെന്ന് കാണിക്കാനായി ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെല്ലാം എന്ന് ഗോവ പിസിസി അധ്യക്ഷൻ അമിത് പട്കര്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ദിംഗബര്‍ കാമത്ത് അടക്കമുള്ളവര്‍ എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് വിവരം. മുൻ ഗോവ മുഖ്യമന്ത്രി കൂടിയായ കാമത്ത് മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതിൽ അതൃപ്തിയുണ്ട് എന്നത് അഭ്യൂഹങ്ങൾക്ക് ശക്തിയേക്കി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ ലോബോയും തന്റെ മുൻ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ ഞായറാഴ്ച റദ്ദാക്കി.
ഗോവയിലെ 40 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻ.ഡി.എ) 25ഉം പ്രതിപക്ഷമായ കോൺഗ്രസിന് 11ഉം നിയമസഭാംഗങ്ങളാണുള്ളത്. നേരത്തെ 2019-ലും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചാടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam