മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസിന് നേട്ടം

By Web TeamFirst Published Nov 20, 2019, 11:49 AM IST
Highlights

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നയിടങ്ങളില്‍ ഇരുപത്തിമൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നയിക്കും, ആറിടത്താണ് ബിജെപി ഭരണമുണ്ടാവുക. തെരഞ്ഞെടുപ്പ് നടന്നയിടങ്ങളില്‍ 49 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ സമ്പൂര്‍ണ ആധിപത്യമാണ് കാണാനായത്

ജയ്‍പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. 961 സീറ്റുകള്‍ നേടിയപ്പോള്‍ 737 സീറ്റുകള്‍ നേടാന്‍ മാത്രമാണ് ബിജെപിക്ക് സാധിച്ചത്. ഇന്നലെ പ്രഖ്യാപിച്ച ഫലത്തില്‍ തെരഞ്ഞെടുപ്പ് നടന്നയിടങ്ങളില്‍ 49 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ സമ്പൂര്‍ണ ആധിപത്യമാണ് കാണാനായത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാജസ്ഥാനില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. 2105 വാര്‍ഡുകളിലേക്ക് നടന്ന് തെരഞ്ഞെടുപ്പുകളില്‍ പകുതിയും കോണ്‍ഗ്രസ് നേടി. 

ഡിസംബറില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഫലങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഖെലോട്ട് പറഞ്ഞത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് അശോക് ഖെലോട്ട് വ്യക്തമാക്കി. ജനങ്ങള്‍ വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ അല്‍പം പോലും പിന്നോട്ട് പോവില്ലെന്നും അശോക് ഖെലോട്ട് കൂട്ടിച്ചേര്‍ത്തു. ബഹുജന്‍ സമാജ് പാര്‍ട്ടി 16 വാര്‍ഡുകള്‍ നേടിയപ്പോള്‍ സിപിഎമ്മും മൂന്നും എന്‍സിപി രണ്ടും വാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 

രാജസ്ഥാന്‍റെ 33 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 7942 പേര്‍ മത്സരിച്ചതില്‍ 2832 പേര്‍ സ്ത്രീകളായിരുന്നു. പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നയിക്കും, ആറിടത്താണ് ബിജെപി ഭരണമുണ്ടാവുക. മുന്‍സിപ്പല്‍ ബോര്‍ഡ് രൂപീകരണത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നിലപാട് നിര്‍ണായകമാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 196 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 19 മുന്‍സിപ്പല്‍ കൗണ്‍സിലുകളും 27 മുന്‍സിപ്പാലിറ്റികളുമുണ്ട്. 72 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. 

click me!