പുതിയ കോൺ​ഗ്രസ് പ്രസിഡന്റിനെ ​ഗാന്ധി കുടുംബം തന്നെ നിർദ്ദേശിക്കുമോ? സൂചന നൽകി പാർട്ടിയുടെ പുതിയ നീക്കം

By Web TeamFirst Published Sep 14, 2022, 9:02 PM IST
Highlights

ഈ മാസം 24 മുതൽ 30 വരെയാണു സംഘടനാ തെര‍ഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് 20നകം പ്രമേയം പാസാക്കണമെന്ന് ദേശീ‌യനേതത്വത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നതും കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ എന്ന് സംശയങ്ങളുയരുന്നതും. 

ദില്ലി‌‌:  പിസിസി പ്രസിഡന്റുമാരെയും എഐസിസി അം​ഗങ്ങളെയും സോണിയാ ​ഗാന്ധി തന്നെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കാൻ സംസ്ഥാന  നേതാക്കൾക്ക്  കോൺ​ഗ്രസ് നിർദ്ദേശം നൽകി.  ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പുതിയ നിർദ്ദേശത്തോ‌ടെ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ചോദ്യങ്ങളുയരുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തും എന്നതിനെയും ഇത് ബാധിക്കുമോ എന്നും ചർച്ചകൾ ഉയർന്നുകഴിഞ്ഞു. 

ഈ മാസം 24 മുതൽ 30 വരെയാണു സംഘടനാ തെര‍ഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് 20നകം പ്രമേയം പാസാക്കണമെന്ന് ദേശീ‌യനേതത്വത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നതും കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ എന്ന് സംശയങ്ങളുയരുന്നതും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതും നിർദ്ദേശിക്കൽ ആകുമോ എന്ന് വിലയിരുത്തലുകൾ തുടങ്ങിക്കഴിഞ്ഞു.  സോണിയാ ​ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല.  രാഹുൽ ഗാന്ധി താൻ  മത്സരത്തിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ പ്രസിഡന്റാകണം എന്ന് ഇരുവർക്കും അഭിപ്രായമുള്ളതിനാൽ  പ്രിയങ്ക ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും മങ്ങി. 

തെര‍ഞ്ഞെടുപ്പ് വേണ്ട പകരം സോണിയാ ​ഗാന്ധി പ്രസിഡന്റിനെ നിർദ്ദേശിക്കട്ടെ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് സൂചനകളുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  സോണിയ ഗാന്ധി പുതിയ പ്രസിഡന്റിനെ നിർദേശിക്കുന്ന സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടാ‌ണ് ഗാന്ധികുടുംബത്തിനു താൽപര്യമുള്ളത്.   പ്രസിഡന്റിനെ സോണി‌യ നാമനിർദ്ദേശം ചെയ്യുന്നതിൽ എതിർപ്പുകളുണ്ടാകില്ലെന്നാണ് കോൺ​ഗ്രസിനുള്ളിൽ നിന്നുള്ള വിവരം. എന്നാൽ, തെരഞ്ഞെടുപ്പ് സമിതി പറയുന്നത് ഇതൊന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകങ്ങളല്ലെന്നാണ്. കഴിഞ്ഞ മൂന്നു വർഷമായി സോണിയ ഗാന്ധിയാണ് കോൺഗ്രസിന്റെ ഇടക്കാല പ്രസി‍ഡന്റ്. 2017ൽ രാഹുൽ ഗാന്ധി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ലെ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ രാജിവച്ചു. അതേസമയം, പാർട്ടിയുടെ മുഖമായി ഇപ്പോഴും ഉയർത്തിക്കാട്ടപ്പെടുന്നത് രാഹുൽ ഗാന്ധി  തന്നെയാണ് . 2024ലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്  ഭാരത് ജോഡോ യാത്രയുമായി സജീവമാണ് രാഹുൽ. ‌

200ലാണ് കോൺ​ഗ്രസിൽ ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നത്. അന്ന് ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് ജിതേന്ദ്ര പ്രസാദാണ് സോണിയാ ​ഗാന്ധിക്കെതിരെ മത്സരിച്ചത്. 99 ശതമാനം വോട്ടുകൾ നേടി അത്തവണ സോണിയ വിജയിക്കുകയായിരുന്നു. 

Read Also: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: 'എ'യും 'ഐ'യും കെസി ഗ്രൂപ്പും വെടിനിർത്തി, കെ.സുധാകരൻ പ്രസിഡന്റായി തുടരും

click me!