
ദില്ലി: കോൺഗ്രസ് അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി നീട്ടിയെന്ന് എ ഐ സി സി (AICC) അറിയിച്ചു. വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ. നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എ ഐ സി സി അറിയിച്ചു. ഇന്ന് തീർക്കണമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എ ഐ സി സി അറിയിപ്പ് കിട്ടിയെന്നും കേരളത്തിലും കോൺഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായും കെ പി സി സി (KPCC) ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്ര ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ഇക്കാര്യം കെപി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പിയെ അറിയിച്ചതായും ടി യു രാധാകൃഷ്ണൻ വിവരിച്ചു.
കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ടി യു രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്നും ചില മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും കെ പി സി സി ജനറൽ സെക്രട്ടറി പറഞ്ഞു.
അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന പ്രചരണത്തെക്കുറിച്ചുള്ള കെ പി സി സിയുടെ പ്രതികരണം പൂർണരൂപത്തിൽ
കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍. കേരളത്തില്‍ കോണ്‍ഗ്രസ്സ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങളില്‍ നടത്തുന്നത്. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന് ടി യു രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്സ് അംഗത്വ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലന പദ്ധതിക്ക് തുടക്കമിടുന്നത് മാര്‍ച്ച് 1 മുതലാണ്. ഡിജിറ്റല്‍ അംഗത്വമാണ് എ ഐ സി സി നിര്‍ദ്ദേശിച്ചത്. കേരളത്തില്‍ ഇന്നേവരെ പേപ്പര്‍ മെമ്പര്‍ഷിപ്പാണ് ചേര്‍ത്തിരുന്നത്. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ അംഗത്വം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ എ ഐ സി സി ഐ.ടി ടീമിന്റെ സഹായത്തോടെ സംഘടനാ നേതൃത്വത്തിനാകെ പരിശീലന ക്ലാസ്സ് നല്‍കി. മാര്‍ച്ച് 23 നാണ് അവസാനത്തെ മേഖലാ ക്ലാസ്സ് എറണാകുളത്തും തൃശൂരിലും സമാപിച്ചത്.
മാര്‍ച്ച് 25 മുതല്‍ 31 വരെയാണ് കെ പി സി സി മെമ്പര്‍ഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. ഇതിനിടെയാണ് എ ഐ സി സി പേപ്പര്‍ അംഗത്വവും ചേര്‍ക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് ഡിജിറ്റല്‍, പേപ്പര്‍ അംഗത്വം ചേര്‍ക്കല്‍ ഒരുപോലെ പുരോഗമിക്കുകയാണ്. എന്നാല്‍ മെമ്പര്‍ഷിപ്പ് ആരംഭിക്കുന്ന ഘട്ടത്തിലെ ഡിജിറ്റല്‍ അംഗത്വത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ച് കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ ആളുകളില്ലെന്ന വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടത്തുന്നത്.
ഡിജിറ്റല്‍,പേപ്പര്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം സജീവമായി സംസ്ഥാനമെമ്പാടും നടക്കുന്നു. എന്നാല്‍ ഇത്തരം പ്രചാരവേല നടത്തുന്നവര്‍ ഈ വസ്തുത മറച്ചു പിടിക്കുകയാണ്. കെ. റെയിലില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന നൈരാശ്യത്തില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ സൈബര്‍ ഗ്രൂപ്പുകളില്‍ സൃഷ്ടിക്കപ്പെടുന്നത്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നവരുടെ മുഖം ചുളിഞ്ഞു പോകുന്നത് കാണാമെന്നും കെ പി സി സി സൂചിപ്പിച്ചു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വളരെ സജീവമായി പ്രവര്‍ത്തകരാകെ അംഗത്വ ശേഖരണ പ്രവര്‍ത്തനങ്ങളിലാണ്. മെമ്പര്‍ഷിപ്പ് സംബന്ധിച്ച് ഇറങ്ങുന്ന തെറ്റായ വാര്‍ത്തകളെ തള്ളി ആവേശപൂര്‍വ്വം കേരളത്തിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വിജയിപ്പിക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ടി യു രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam