നേതാക്കളുടെ കൂറുമാറ്റം: കടുത്ത പ്രതിസന്ധിയിൽ കോൺഗ്രസ്; ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും

Published : Mar 07, 2024, 06:36 AM IST
നേതാക്കളുടെ കൂറുമാറ്റം: കടുത്ത പ്രതിസന്ധിയിൽ കോൺഗ്രസ്; ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും

Synopsis

തെര‌ഞ്ഞെടുപ്പിനെ നയിക്കേണ്ട നേതാക്കൾ ഓരോരുത്തരായി ബിജെപി പാളയത്തിലേക്ക് ഒഴുകുകയാണ്. കൂറുമാറ്റം ബിജെപിയുടെ പണകൊഴുപ്പും അന്വേഷണ ഏജൻസികളെ വച്ചുളള വേട്ടയാടലും കൊണ്ടെന്നാണ് പാര്‍ട്ടി വിശദീകരണം

അഹമ്മദാബാദ്: രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടരുന്നതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം 400-ലധികം കിലോമീറ്റര്‍ രാഹുൽ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിവിധ ആദിവാസി വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. ഇന്ത്യ സഖ്യത്തിലെ ധാരണ പ്രകാരം ആംആദ്മി മത്സരിക്കുന്ന ഭറൂച്ചിലുടെയും ജാഥ കടന്നു പോകുന്നുണ്ട്. ഭാരത് ജോഡോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി ഗുജറാത്ത് നേതൃത്വം വ്യക്തമാക്കി. 

സൂറത്തും നവ്സാരിയും കടന്ന് മാര്‍ച്ച് 10 ന് ജാഥ മഹാരാഷ്ട്രയിലെ നവ്ഗാമിൽ പ്രവേശിക്കും. അതേസമയം ജോഡോ യാത്ര ഗുജറാത്തിലെത്തുമ്പോൾ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കെത്തും എന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു. പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു പോക്കും സീറ്റ് വിഭജനത്തിലെ തർക്കങ്ങളിലും പെട്ട് ഉലയുകയാണ് ഗുജറാത്തിലെ കോൺഗ്രസ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മൂന്ന് പ്രധാന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഭറൂച്ചടക്കം ലോക്സഭ സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ഇതിനിടെ തലപൊക്കി. പ്രതിസന്ധി തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ​ഗുജറാത്തിൽ എത്തുന്നത്.

പത്തു വർഷത്തിലധികമായി നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കിട്ടാക്കനിയാണ് ഗുജറാത്ത്. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം മാത്രമാണ് സമീപകാല ആശ്വാസം. 2014 ലും 19 ലും മോദി തരംഗത്തിൽ ഗുജറാത്ത് പൂർണമായും ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. ഗുജറാത്തിൽ ഇത്തവണ അതിജീവനത്തിന്റെ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. ഇന്ത്യ സഖ്യമായാണ് മത്സരം. ഒരു കാലത്ത് കോട്ടയായിരുന്ന ഭറൂച്ചും ഭാവ്നഗറുമെല്ലാം ആംആദ്മിക്ക് നൽകി. ഭറൂച്ചിൽ അഹമ്മദ് പട്ടേലിന്റെ കുടുംബം കലാപക്കൊടി ഉയര്‍ത്തിയെങ്കിലും തണുത്തു. പക്ഷെ തെര‌ഞ്ഞെടുപ്പിനെ നയിക്കേണ്ട നേതാക്കൾ ഓരോരുത്തരായി ബിജെപി പാളയത്തിലേക്ക് ഒഴുകുകയാണ്. കൂറുമാറ്റം ബിജെപിയുടെ പണകൊഴുപ്പും അന്വേഷണ ഏജൻസികളെ വച്ചുളള വേട്ടയാടലും കൊണ്ടെന്നാണ് പാര്‍ട്ടി വിശദീകരണം.

ഗുജറാത്തിൽ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസിനെ നയിച്ച അർജുൻ മോദ് വാദിയയാണ് പാര്‍ട്ടി വിട്ടവരിൽ പ്രമുഖൻ. പ്രതിപക്ഷ നേതാവായും പാര്‍ട്ടി അധ്യക്ഷനായും കോൺഗ്രസിനൊപ്പം നാലു പതിറ്റാണ്ട് പ്രവര്‍ത്തിച്ച നേതാവ്. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ധര്‍, മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ എംപിയുമായ നരൺ രത്വ എന്നിവരും രണ്ടാഴ്ച്ചക്കിടെ പാര്‍ട്ടി വിട്ട നേതാക്കളാണ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി ഗുജറാത്തിൽ പ്രവേശിക്കാനിരിക്കെ രാമക്ഷേത്രത്തിലടക്കം കോൺഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് നേതാക്കൾ പാര്‍ട്ടി വിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?