
പനാജി: ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹത്തെ തുടർന്ന് ഗോവയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റി. കോൺഗ്രസ് എംഎൽഎമാരായ സങ്കൽപ് അമോങ്കാർ, ആൽതോൺ ഡികോസ്റ്റ, കാർലോസ് അൽവാരെസ്, റുഡോൾഫ് ഫെർണാണ്ടസ്, യൂരി അലെമോ എന്നിവരെ ചെന്നൈയിലേക്ക് മാറ്റിയതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സങ്കൽപ് അമോങ്കാർ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവാണ്. ഒരിടവേളക്ക് ശേഷം ഗോവയിൽ വീണ്ടും വിമതനീക്കം തലപൊക്കിയത് കോൺഗ്രസിന് തലവേദനയാണ്.
മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്തും മൈക്കിൾ ലോബോയും പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു ആരോപിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.
പല ലക്ഷ്യങ്ങളിലേക്ക് ഒരു വഴി; ജഗദ്ദീപ് ധൻകറിലൂടെ ബിജെപിയുടെ പുതിയ രാഷ്ട്രീയ നീക്കം
കഴിഞ്ഞയാഴ്ചയാണ് കോൺഗ്രസിൽ നിന്ന് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ ഏഴ് പേര്‍ വിട്ടുനിന്നതിനെ തുടർന്നാണ് അഭ്യൂഹം ശക്തമായത്. തുടർന്ന് മൈക്കിൾ ലോബോയെ കോൺഗ്രസ് നിയമസഭാ പ്രതിപക്ഷ പാർട്ടി നേതൃത്വത്തിൽ നിന്ന് നീക്കി. ദിഗംബർ കാമത്തിനേയും മൈക്കിൾ ലോബോയേയും അയോഗ്യരാക്കണമെന്ന് കാട്ടി കത്ത് നൽകുകയും ചെയ്തു. ഈ സംഭവ വികാസങ്ങൾക്ക് പിന്നാലെയാണ് അഞ്ച് എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റിയത്.