ജെഎന്‍യു ആക്രമം: ആസൂത്രിതമെന്ന് കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്, എസ്എഫ്ഐക്കും കുറ്റം

By Web TeamFirst Published Jan 12, 2020, 12:32 AM IST
Highlights

സമരം നേരിടുന്നതിൽ വിസിക്കും മാനവവിഭവശേഷി മന്ത്രാലയത്തിനും വീഴ്ച പറ്റിയെന്നും കോൺഗ്രസ്‌ വസ്തുത അന്വേഷണ സമിതി കണ്ടെത്തി. സംഭവത്തില്‍ എസ്എഫ്ഐയെയും കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ഗുണ്ടാവിളയാട്ടം ആസൂത്രിതമെന്ന് കോൺഗ്രസ്‌ വസ്തുത അന്വേഷണ സമിതി റിപ്പോർട്ട്‌. ക്യാമ്പസിൽ കടന്നത് ആയുധധാരികളാണെന്നും ജെഎന്‍യു സെക്യൂരിറ്റി ഏജൻസി, വൈസ് ചാന്‍സലര്‍, പൊലീസ്, ഹോസ്റ്റൽ വാര്‍ഡന്‍ എന്നിവർക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാർത്ഥികളെ തെരഞ്ഞു പിടിച്ചു മർദിക്കാൻ ഹോസ്റ്റൽ വാര്‍ഡന്‍മാർ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. സമരം നേരിടുന്നതിൽ വിസിക്കും മാനവവിഭവശേഷി മന്ത്രാലയത്തിനും വീഴ്ച പറ്റിയെന്നും കോൺഗ്രസ്‌ വസ്തുത അന്വേഷണ സമിതി കണ്ടെത്തി. സംഭവത്തില്‍ എസ്എഫ്ഐയെയും കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്.

ആക്രമണ പരമ്പരയിൽ എസ്എഫ്ഐയും പങ്കാളികളായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെഎന്‍യു ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ജെഎൻയുവിലെ വിസിയെ നീക്കണമെന്നും ഉന്നയിക്കുന്നുണ്ട്. 10 മണിക്കൂർ ക്യാമ്പസിൽ തെളിവെടുപ്പ് നടത്തിയ ശേഷം ആണ് റിപ്പോർട്ട്‌ തയാറാക്കിയത്.

തെളിവെടുപ്പ് ദൃശ്യങ്ങൾ പൂർണമായും പകർത്തി. മുൻ മഹിളാ കോൺഗ്രസ്‌ അധ്യക്ഷയായ  സുസ്മിത ദേവ്, രാജ്യസഭ എംപിയും ജെഎന്‍യു പൂർവ്വ വിദ്യാർഥിയുമായ നസീർ ഹുസൈൻ, അമൃത ധവാൻ, ഹൈബി ഈഡൻ എംപി എന്നിവർ ആണ് അന്വേഷണ സമിതി അംഗങ്ങൾ. റിപ്പോർട്ട്‌ സോണിയ ഗാന്ധിക്കും കെ സി വേണുഗോപാലിനും കൈമാറി.

click me!