
ദില്ലി: റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു (Navjot Singh Sidhu) ജയിലേക്ക്. പട്യാല സെഷന്‍സ് കോടതിയില്‍ സിദ്ദു കീഴടങ്ങി. നാലരയോടെ പട്യാല സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിദ്ദുവിനെ വൈദ്യപരിശോധനയടക്കം പൂര്‍ത്തിയാക്കി ജയിലിലേക്ക് മാറ്റി. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത ഗുര്‍ണ്ണാല്‍ സിംഗെന്നയാള്‍ സിദ്ദുവിന്‍റെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഇന്നലെയാണ് സുപ്രീംകോടതി ഒരു വര്‍ഷം തടവും ആയിരം രൂപ പിഴയും വിധിച്ചത്.
നേരത്തെ ആയിരം രൂപ പിഴ മാത്രം വിധിച്ച് സുപ്രീംകോടതി തീര്‍പ്പാക്കിയ കേസില്‍ ഗുര്‍ണ്ണാല്‍ സിംഗിന്‍റെ കുടുംബം നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക് നീങ്ങാന്‍ തുനിഞ്ഞെങ്കിലും പുനപരിശോധന ഹര്‍ജിക്ക് വിധിയെ മറികടക്കാന്‍ കഴിയില്ലെന്ന നിയമോപദേശം സിദ്ദുവിന് കിട്ടി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ സമയം നീട്ടാനായി അടുത്ത ശ്രമം. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി മുഖേന ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ ഒരാഴ്ച്ച കൂടി കാലാവധി ചോദിച്ചെങ്കിലും ചീഫ് ജസ്റ്റിന് അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം കിട്ടിയത്. എന്നാല്‍ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാത്തതിനാല്‍ പിന്നീട് കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
കേസിനാസ്പദമായ സംഭവം ഇങ്ങനെ
പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.
ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തി. 2018 ൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.