'ഹിന്ദു'വിന്റെ അർത്ഥമറിഞ്ഞാൽ നിങ്ങൾ നാണംകെടും; വിവാദപ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്

By Web TeamFirst Published Nov 8, 2022, 8:03 AM IST
Highlights

ജാർക്കിഹോളിയുടെ പ്രസം​ഗം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. പ്രസ്താവന ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും പ്രകോപനപരമാണെന്നും ബിജെപി വിമർശിച്ചു. കോൺ​ഗ്രസ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

ബം​ഗളൂരു: ഹിന്ദു എന്ന വാക്കിന്റെ അർത്ഥം അശ്ലീലമാണെന്നും അത് അറിഞ്ഞാൽ നാണംകെടുമെന്നുമുള്ള വിവാദ പ്രസ്താവനയുമായി കർണാടകയിലെ കോൺ​ഗ്രസ് നേതാവ് സതീഷ് ലക്ഷ്മൺ റാവു ജാർക്കിഹോളി. ഹിന്ദു എന്ന വാക്കിന്റെ ഉദ്ഭവം പേർഷ്യയിൽ നിന്നാണെന്നും അതിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുമായി യാതൊരു ബന്ധവും ഇല്ലെന്നറിഞ്ഞാൽ എത്രപേർ ആ വാക്കിനെ അം​ഗീകരിക്കുമെന്നും ജാർക്കിഹോളി ചോദിച്ചു. "ഹിന്ദു എന്ന വാക്ക്, അത് എവിടെ നിന്നാണ് വന്നത്? അത് നമ്മുടേതാണോ? ആ വാക്ക് പേർഷ്യനാണ്, ഉറാൻ, ഇറാഖ്, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ മേഖലകളിൽ നിന്ന് വന്നതാണ്. ഹിന്ദുവും ഇന്ത്യയുമായി എന്താണ് ബന്ധം? അങ്ങനെയുള്ളപ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് അത് അം​ഗീകരിക്കാനാവുക? ഇക്കാര്യം ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്". ജാർക്കിഹോളി പറഞ്ഞു. 

ജാർക്കിഹോളിയുടെ പ്രസം​ഗം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. പ്രസ്താവന ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും പ്രകോപനപരമാണെന്നും ബിജെപി വിമർശിച്ചു. കോൺ​ഗ്രസ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.  കോൺ​ഗ്രസ് ജനങ്ങളുടെ വികാരത്തെയും സംസ്കാരത്തെയും മാനിക്കാൻ പഠിക്കണം, ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് കർണാടക മന്ത്രി ഡോ അശ്വഥ്നാരായൺ പ്രതികരിച്ചു. "അവരിങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്നത് ശരിയല്ല. വികാരങ്ങളെ മാനിക്കണം, വിമർശിക്കുന്നതിന് പകരം സംസ്കാരത്തെ ബഹുമാനിക്കണം. അനാവശ്യവിവാദങ്ങളുണ്ടാക്കരുത്, അത് സമൂഹതാല്പര്യത്തിന് നല്ലതല്ല". അശ്വഥ്നാരായൺ പറഞ്ഞു. 

ജാർക്കിഹോളിയുടെ പ്രസ്താവന തള്ളി കോൺ​ഗ്രസ് തന്നെ രം​ഗത്തെത്തി. അദ്ദേഹത്തിന്റെ പരാമർശം നിർഭാ​ഗ്യകരമായിപ്പോയെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജെവാല ട്വീറ്റ് ചെയ്തു. "ഹൈന്ദവികത ഒരു ജീവിതരീതിയാണ്, ഒരു സാംസ്കാരിക യാഥാർത്ഥ്യവുമാണ്.  എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനാണ് കോൺ​ഗ്രസ് രാജ്യത്തെ പഠിപ്പിച്ചിട്ടുള്ളത്. അതാണ് ഇന്ത്യയുടെ കാതൽ. ജാർക്കിഹോളിയുടെ പ്രസ്താവന നിർഭാ​ഗ്യകരമായിപ്പോയി, അത് തള്ളിക്കളയേണ്ടതാണ്".  അദ്ദേഹം ട്വീറ്റ് ചെയ്തു. കർണാടക കോൺ​ഗ്രസ് കമ്മിറ്റി വർക്കിം​ഗ് പ്രസിഡന്റാണ് സതീഷ് ലക്ഷ്മൺ റാവു ജാർക്കിഹോളി. ഞായറാഴ്ച ബെല​ഗാവിയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം വിവാദപ്രസ്താവന നടത്തിയത്. 

Read Also: തെരെഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം; ഹിമാചല്‍ പ്രദേശില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

click me!