
ദില്ലി : സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അറസ്റ്റിൽ. എക്വറ്റോറിയൽ ഗിനി നാവികസേനയാണ് സനുവിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ നൈജീരിയക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്. കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചിരുന്നു. എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റാണ് കപ്പൽ കൈമാറുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഗിനിയുടെ നീക്കം. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്.
എന്നാൽ ജീവനക്കാർ തടവിലായ ഓഗസ്റ്റ് മുതൽ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. എഎ റഹീം എംപി വിദേശകാരമന്ത്രാലയത്തിന് നൽകിയ കത്തിന് മറുപടിയായാണ് എംബസിയുടെ പ്രതികരണം. ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, വി ശിവദാസൻ, എഎ റഹീം എന്നിവരാണ് വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam