
ദില്ലി: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിംഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വിഗ് വിജയ് സിംഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണ്. എത്രനാൾ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു. പോസ്റ്റൽ ബാലറ്റ് കണക്കുകൾ നിരത്തിയാണ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണം.
2003 മുതൽ താൻ ഇവിഎമ്മിന് എതിരാണ്. ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാർട്ടികൾ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും കോൺഗ്രസിന്റെ നേതൃത്വം മാറുന്നില്ലെന്നാണ് സൂചന. കമൽനാഥിന്റെ നേതൃത്വത്തിൽ തന്നെ കോൺഗ്രസ് മുന്നോട്ട് പോവുമെന്നാണ് തീരുമാനം. അതേസമയം, ബിജെപി മുഖ്യമന്ത്രിയായി ശിവരാജ് ചൗഹാൻ തന്നെ രംഗത്തെത്തുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗത്തില്‍ കല്ലുകടി തുടരുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. തനിക്ക് യോഗത്തെ കുറിച്ച് അറിയില്ലെന്നും അന്നേ ദിവസം തനിക്ക് മറ്റ് പരിപാടികള്‍ ഉണ്ടെന്നും മമത പ്രതികരിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ മുന്നണി യോഗം ചേരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാനായാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാകുമായിരുന്നില്ലെന്ന് ജെഡിയു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. നാളെയാണ് ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കും. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശജനകമാണ്. എന്നാല്‍ നിശ്ചയദാർഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നും ആശയപരമായ പോരാട്ടം തുടരുമെന്ന് രാഹുല്‍ഗാന്ധിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തിളങ്ങും ജയമാണ് സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിക്കായി. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ മുഖ്യമന്ത്രിമാരെ നരേന്ദ്ര മോദി തീരുമാനിക്കും.
https://www.youtube.com/watch?v=alpf7jL5-NI
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam