റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്നാം നിരയിൽ ഇരിപ്പിടം നൽകിയതിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. ഇത് സർക്കാരിന്റെ അവഹേളനമാണെന്ന് പാർട്ടി ആരോപിച്ചു
ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്. മൂന്നാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമൊരുക്കിയത്. രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു. 2018 ല്‍ രാഹുല്‍ ഗാനധിക്ക് ഏറ്റവും പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരം ഏറ്റവും മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിരവധി പേർക്ക് ഒന്നാം നിരയിൽ ഇരിപ്പിടം ഒരുക്കിയിട്ടും പ്രതിപക്ഷ നേതാവിന്‍റെ ഇരിപ്പിടം മാത്രം മൂന്നാം നിരയിലേക്ക് മാറ്റിയത് എന്തികൊണ്ടെന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നുണ്ട്. മൂന്നാം നിരയിൽ രാഹുൽ ഗാന്ധിയിരിക്കുന്ന ചിത്രമടക്കം പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസിന്‍റെ ചോദ്യം.

ദൃശ്യവിരുന്നായി റിപ്പബ്ലിക് ദിന പരേഡ്
അതേസമയം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ദൃശ്യ വിരുന്നായിരുന്നു രാജ്യ തലസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡ്. വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വര്‍ഷം പ്രമേയമാക്കി നടന്ന വര്‍ണ്ണാഭമായ പരേഡ് കര്‍ത്തവ്യപഥിനെ സമ്പന്നമാക്കി. ഡിജിറ്റല്‍ സാക്ഷരതയും, വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള കേരളത്തിന്‍റെ നിശ്ചലദൃശ്യവും പരേഡിൽ വലിയ ശ്രദ്ധ നേടി. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാണ് ഇത്തവണത്തെ പരേഡില്‍ വിശിഷ്ടാതിഥികളായത്. രാവിലെ പത്തരയോടെ ദേശീയ യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്തവ്യപഥിലേക്ക് എത്തി. ഈ വർഷത്തെ വിശിഷ്ടാതിഥികളായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവം പരേഡിന് സാക്ഷിയാകാന്‍ കർത്തവ്യ പഥിലേക്കെത്തി. പ്രതിരോധ രംഗത്ത് സൈനിക കരുത്തും സ്വയം പര്യാപ്തതയും വിളിച്ചോതിക്കൊണ്ടാണ് സേനകൾ പരേഡിൽ തിളങ്ങിയത്. സിന്ദൂർ ഫോർമേഷനിൽ വ്യോമസേന വിമാനങ്ങൾ അണി നിരന്നു, വിവിധ സേനാ വിഭാഗങ്ങള്‍ ആയുധ ശേഷിയിലുള്ള കരുത്ത് പ്രദര്‍ശിപ്പിച്ചു. കൗതുകകാഴ്ച്ചയായി കരസേനയുടെ വെറ്റിനറി സംഘവും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പതിനൊന്നാമതായി കേരളത്തിന്റെ നിശ്ചല ദൃശ്യം റിപ്പബ്ലിക് ദിന പരേഡിനിറങ്ങി. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയും വാട്ടർമെട്രോയും പ്രമേയമാക്കിയ പ്ലോട്ടിനെകുറിച്ച് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് വിവരിച്ചു. ജെല്ലിക്കെട്ട് പ്രമേയമാക്കിയ തമിഴ്നാടിന്റെ പ്ലോട്ടും കൈയടി നേടി. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പടുക്കുമ്പോൾ പാർലമെന്റിലടക്കം ചർച്ചയായ വന്ദേമാതരം പരേഡിലും നിറഞ്ഞുനിന്നു. വിവിധ സേനകളുടെ സാഹസിക അഭ്യാസപ്രകടനങ്ങൾക്കും, ഫ്ലൈ പാസ്റ്റിനും ശേഷം പരേഡ് അവസാനിച്ചു.


