
കൊൽക്കത്ത: കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗത്തില്‍ കല്ലുകടി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. തനിക്ക് യോഗത്തെ കുറിച്ച് അറിയില്ലെന്നും അന്നേ ദിവസം തനിക്ക് മറ്റ് പരിപാടികള്‍ ഉണ്ടെന്നും മമത പറഞ്ഞു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ മുന്നണി യോഗം ചേരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാനായില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാകുമായിരുന്നില്ലെന്ന് ജെഡിയു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. മറ്റന്നാൾ ആണ് ഇന്ത്യ മുന്നണി.
അതേസമയം, തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കും. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശജനകമാണ്. എന്നാല്‍ നിശ്ചയദാർഡ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നും ആശയപരമായ പോരാട്ടം തുടരുമെന്ന് രാഹുല്‍ഗാന്ധിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തിളങ്ങും ജയമാണ് സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിക്കായി. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ മുഖ്യമന്ത്രിമാരെ നരേന്ദ്ര മോദി തീരുമാനിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി മാറുകയാണ്. ബിജെപിയുടെ വിജയത്തിനിടെയും സംസ്ഥാന രൂപീകരണ നാൾ മുതൽ കെസിആർ എന്ന രാഷ്ട്രീയ അതികായനൊപ്പം നിന്ന തെലങ്കാന അദ്ദേഹത്തെ കൈവിട്ടത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ജനവിധിയുമായി മാറി. പിറന്നിട്ട് പത്തു വർഷം മാത്രമായ തെലങ്കാന സംസ്ഥാനത്താണ് കെസിആർ ഭരണയുഗം അവസാനിക്കുന്നത്. ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയ ജനവിധിയിൽ സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെന്ന പ്രത്യേകതയമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam