
ഹൈദരാബാദ്: ബിഹാറിലെ തിരിച്ചടികൾക്കിടയിൽ കോൺഗ്രസിന് ആശ്വസിക്കാൻ തെലങ്കാനയിൽ നിന്ന് ശുഭവാർത്ത. മൂന്ന് റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. കോൺഗ്രസ് പാർട്ടിയുടെ നവീൻ യാദവാണ് മുന്നിൽ നിൽക്കുന്നത്. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ 58 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആർഎസ് രംഗത്തിറക്കിയത്.
2025 ലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചച്ചിരുന്നത്. ബിജെപി വീണ്ടും ലങ്കാല ദീപക് റെഡ്ഡിയെ രംഗത്തിറക്കി. രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമോദ് ജെയിൻ മുന്നിലാണ്.
അതേസമയം, ബിഹാറിൽ എൻഡിഎ സഖ്യം സർക്കാർ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ. എൻഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞു. ഇത്തവണ എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരെല്ലാം എൻഡിഎയുടെ വിജയത്തിനായി അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയത് മുതൽ തന്നെ എൻഡിഎ കുതിപ്പ് ആരംഭിച്ചിരുന്നു. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിംഗാണ് ഇത്തവണ നടന്നത്. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. ഭരണകക്ഷിയായ എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളും ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളുമാണ് പൊതുവേ പ്രവചിച്ചിരുന്നത്. എൻഡിഎ 122 എന്ന കേവല ഭൂരിപക്ഷവും മറികടന്ന് കുതിക്കുകയാണെന്നാണ് നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. മറുഭാഗത്ത്, 100 സീറ്റുകൾ പോലും തികയ്ക്കാനാകാതെ മഹാസഖ്യം കിതക്കുകയാണ്.