
ദില്ലി: രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനമായി കുതിരകച്ചവടവും ക്രോസ് വോട്ടിംഗും മാറുമെന്ന് ഭയം. ഇക്കുറി പ്രധാനമായും ഹരിയാനയിലെ എം എൽ എമാരാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദനായാകുന്നത്. കുതിരകച്ചവടം ഭയന്ന് സംസ്ഥാനത്തെ കോൺഗ്രസ് എം എൽ എമാരെ ഛത്തീസ്ഗഡിലെ റിസോട്ടിലേക്ക് മാറ്റിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന് ജയിക്കാൻ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിർന്ന നേതാവ് അജയ് മാക്കന് നൽകിയതിൽ എം എൽ എ മാർ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്.
ചില കോൺഗ്രസ് എം എൽ എമാർ ക്രോസ് വോട്ടിംഗിൽ ഏർപ്പെടുമെന്നും അതുവഴി രാജ്യസഭാ സീറ്റ് ജയിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നുള്ള ആശങ്ക പാർട്ടിയിൽ വർധിച്ചു വരിയാകണ്. അതുകൊണ്ടു തന്നെ കോൺഗ്രസ് എം എൽ എമാരെ നാളെയോടെ ഛത്തീസ്ഗഡിലേക്ക് മാറ്റുമെന്നാണ് സൂചന. റായ്പൂരിലെ റിസോർട്ടിലാകും ഇവരെ പാർപ്പിക്കുക. അങ്ങനെയെങ്കിൽ ജൂൺ 10 ന് തിരഞ്ഞെടിപ്പിനാകും ഇവർ സംസ്ഥാനത്ത് മടങ്ങിയെത്തുക.
15 സംസ്ഥാനങ്ങളിലായി ആകെ 57 രാജ്യസഭ സീറ്റുകളിലേക്കാണ് ജൂൺ 10 ന് വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിൽ ബിജെപിയുടെ ദുഷ്യന്ത് ഗൗതമിന്റെയും സ്വതന്ത്ര എം പി സുഭാഷ് ചന്ദ്രയുടെയും വിരമിക്കൽ കാരണം 2 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ ബി ജെ പിക്കും ജെ ജെ പിക്കും യഥാക്രമം 40, 10 സീറ്റുകളും കോൺഗ്രസിന് 31 എം എൽ എമാരുമുണ്ട്. നിയമസഭയിലെ നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതം ജയിക്കാവുന്നതാണ്. എന്നാൽ കോൺഗ്രസിന്‍റെ എം എൽ എമാർ മാറി കുത്തുകയും സ്വതന്ത്രരടക്കമുള്ളവർ പിന്തുണയ്ക്കുകയും ചെയ്താൽ ബിജെപിക്ക് രണ്ടാമതൊരു സീറ്റ് ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനാണ് കോൺഗ്രസ് വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിലേക്ക് കണ്ണുവയ്ക്കുന്നത്. നേരത്തെ ഗുജറാത്തിൽ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നപ്പോഴും കോൺഗ്രസ് എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. അന്ന് തന്ത്രപരമായ നീക്കത്തിനൊടുവിൽ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.
രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക; കോണ്‍ഗ്രസില്‍ പ്രതിഷേധം, ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനം